പേരാമ്പ്ര: വെറ്ററിനറി പോളിക്ലിനിക്കിൽ 24 മണിക്കൂറും മൃഗചികിത്സാ സേവനമെന്ന ക്ഷീരകർഷകരുടെയും മൃഗസ്നേഹികളുടെയും ചിരകാല സ്വപ്നം യാഥാർത്ഥ്യമാവുന്നു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ പുതിയ പദ്ധതിയായ ശോഭനം 2020 വിളക്കണയാത്ത മൃഗാശുപത്രി വഴി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന മൃഗചികിത്സാ സേവനകേന്ദ്രങ്ങളാണ് സംസ്ഥാനത്തുടനീളം ആരംഭിക്കുന്നത്. പേരാമ്പ്രയിലെ 24 മണിക്കൂർ ചികിത്സാ സംവിധാനം മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കിഴക്കയിൽ ബാലൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നാരായണ കുറുപ്പ്, എം.കെ സതി, അജിത കൊമ്മിണിയോട്ട് ഡോ. കെ. സുഹാസ്, ലൈവ്സ്റ്റോക് ഇൻസ്പെക്ടർ വി. മനോജ് എന്നിവർ പ്രസംഗിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ ഡോ.കെ. രമാദേവി സ്വാഗതവും സീനിയർ വെറ്ററിനറി സർജൻ ഡോ.സുരേഷ് ടി.ഓറനാടി നന്ദിയും പറഞ്ഞു.
3 ഷിഫ്റ്റുകളിലായി 4 ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും സേവനം ലഭ്യമാവും.രാവിലെ 8 മുതൽ ഉച്ചയ്ക്കു 2 വരെയും 2 മുതൽ രാത്രി 8 വരെയും രാത്രി 8 മുതൽ പിറ്റേ ദിവസം 8 വരെയും. നിലവിൽ 9 മുതൽ 3 വരെ മാത്രമാണു പ്രവർത്തനം.
കോഴിക്കോട് ആർ.പി. വിജിലൻസ് യൂണിറ്റിൽ നിന്നും ഒരു വെറ്ററിനറി സർജന്റ് തസ്തിക പേരാമ്പ്രയിലേക്ക് മാറ്റിയിട്ടുണ്ട്. മുണ്ടകുറ്റി സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറുടെ തസ്തികയും താത്കാലികമായി പേരാമ്പ്രയിലേക്ക് മാറ്റിയിട്ടുണ്ട്.