lockel
ടിപ്പുക്കോട്ടയിലെ കിണറിൽ പുരാവസ്തു വ​കു​പ്പ് പരിശോധന നടത്തുന്നു

ഫറോക്ക്: ഫറോക്ക് ടിപ്പുക്കോട്ടയിലെ ഭീമൻ കിണറിൽ പുരാവസ്തു വകുപ്പ് പര്യവേക്ഷണം തുടങ്ങി. ഇറങ്ങാൻ കൽപ്പടവുകളോടുകൂടിയ കിണറിന്റെ ഉൾഭാഗത്തെ കാടും പടർപ്പും വെട്ടിമാറ്റുകയും കാടുവെട്ടിത്തെളിക്കുകയും ചെയ്തു. കിണറിൽ കൂടുതൽ പരിശോധന അടുത്ത ദിവസങ്ങളിൽ നടത്തുമെന്ന് പുരാവസ്തു വകുപ്പ് ഫീൽഡ് അസിസ്റ്റന്റും പഴശ്ശിരാജ മ്യൂസിയം ഉദ്യോഗസ്ഥനുമായ കെ കൃഷ്ണരാജ് പറഞ്ഞു. ഇവിടെയുണ്ടായിരുന്ന കൽക്കാലുകൾ നശിപ്പിച്ച നിലയിലാണ്. കിണറിന്റെ ഉള്ളിൽ നിന്ന് ചാലിയാറിലേക്ക് തുരങ്കമുണ്ടെന്ന് കരുതപ്പെടുന്നു. ചാലിയാറിൽ തുരങ്കം കണ്ടതായി പഴമക്കാർ പറഞ്ഞിരുന്നു. കൾച്ചറൽ കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ജയശങ്കർ കിളിയൻകണ്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഗുഹാമുഖം കണ്ടെത്താൻ ചാലിയാറിൽ തിരച്ചിൽ നടത്തിയിരുന്നു. കോട്ടസ്ഥലം മെഷീൻ ഉപയോഗിച്ച് കാടുവെട്ടി വൃത്തിയാക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. ഭൂഗർഭ അറയുടെ ചുറ്റുപാടും മണ്ണു നീക്കി പരിശോധനയും നടക്കുന്നുണ്ട്. ഇവിടെ നിന്ന് ബ്രിട്ടീഷ് നിർമ്മിത നാണയവും നാണയം നിർമ്മിക്കുന്ന കമ്മട്ടവും മറ്റും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.