sugarcane
കരിമ്പ്

കോഴിക്കോട്: ആളനക്കം നന്നേ കുറഞ്ഞതോടെ പാളയത്ത് വഴിയോരത്ത് അടുക്കിക്കൂട്ടിയ കരിമ്പിൻ കെട്ടുകൾക്കും അങ്ങനെ അനക്കമില്ലാതായി. കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനിടെ നവമി ആഘോഷങ്ങൾ പേരിലൊതുങ്ങുമ്പോൾ ആകെ ധർമ്മസങ്കടത്തിലാണ് കരിമ്പ് വ്യാപാരികൾ. ഇത്തവണ കരിമ്പ് വിപണിയ്ക്ക് മാധുര്യം ചോർന്ന അവസ്ഥയാണ്.

സാധാരണ നിലയിൽ നവമി ആഘോഷത്തിനു തുടക്കമിടും മുമ്പു തന്നെ പാളയത്ത് കരിമ്പിൻ കെട്ടുകൾ നിരക്കാറുണ്ട്. ആവശ്യക്കാരുടെ ഒഴുക്കും പൂജയ്ക്ക് മുമ്പായി നേരത്തെ തുടങ്ങും. എന്നാൽ, ഇക്കുറി ആവശ്യക്കാർ നന്നേ കുറവ്. മലർ, പൊരി തുടങ്ങിയവയുമായി എത്തിയ സീസൺ കച്ചവടക്കാരുടെ കാര്യവും മറ്റൊന്നല്ല.

ഒന്നിലേറെ തവണ കണ്ടെയ്ൻമെന്റ് സോണിൽ അകപ്പെട്ടിരുന്ന പാളയം ഭാഗത്തേക്ക് ആളുകൾ തിരിഞ്ഞുനോക്കുന്നതു തന്നെ കുറഞ്ഞ സാഹചര്യത്തിൽ പലർക്കും പേരിനേ കച്ചവടം കിട്ടുന്നുള്ളൂ. നവമി സീസണിൽ ദിവസവും 50 - 60 കെട്ട് വരെ കരിമ്പ് വിറ്റു പോവാറുള്ളതാണ്. എന്നാൽ ഇത്തവണ ആകെ കൊണ്ടുവന്ന 100 കെട്ടിൽ കാര്യമായി ഒന്നും ചെലവായിട്ടില്ലെന്നും കച്ചവടക്കാർ പറയുന്നു. 20 എണ്ണമുള്ള കെട്ടിന് 720 രൂപയാണ് വില. തമിഴ്‌നാട്ടിലെ സേലത്ത് നിന്നാണ് കരിമ്പ് എത്തിക്കുന്നത്.

ദിവസം 100 ചാക്ക് പൊരി വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ 50 ചാക്ക് പോലും അധികപ്പറ്റായി മാറിയിരിക്കുകയാണെന്ന് വർഷങ്ങളായി ഇവിടെ കച്ചവടം ചെയ്യുന്നവർ പറയുന്നു. പാലക്കാട് നിന്നാണ് പൊരി വാങ്ങുന്നത്. മലർ, അരിപ്പൊരി, ചോളപ്പൊരി തുടങ്ങിയവയ്ക്കാണ് സാധാരണ ഡിമാൻഡ് കൂടുതലും. ഒരു ചാക്കിൽ 50 കിലോ പൊരിയാണുണ്ടാവുക.

നാട്ടിൻ പുറങ്ങളിലെ പച്ചക്കറി കടക്കാർക്കു പുറമെ നഗരത്തിലെ ചെറുകിട ഷോപ്പുകാരും സൂപ്പർ മാർക്കറ്റുകാരുമെല്ലാം പാളയത്തെ മൊത്ത കച്ചവടക്കാരിൽ നിന്നാണ് കരിമ്പ് എടുക്കുക പതിവ്. പൊതുവെ ഡിമാൻഡ് ഇല്ലെന്നായപ്പോൾ അവരിൽ ബഹുഭൂരിപക്ഷവും ഇത്തവണ കരിമ്പും മറ്റും എടുക്കാൻ എത്തിയിട്ടില്ല.

''നവമി പടിവാതിൽക്കലെത്തിയിട്ടും ആവശ്യക്കാർ വരുന്നില്ല. ഇനിയുള്ള ദിവസങ്ങളിലെങ്കിലും എന്തെങ്കിലും കച്ചവടം കിട്ടുമെന്ന പ്രതീക്ഷയിലാണ്.

അനീഷ്,

പൊരി വ്യാപാരി