മാനന്തവാടി: ജില്ലാ കൊവിഡ് ആശുപത്രിയിൽ ഭൂരിഭാഗം ജോലിയും താൽക്കാലിക ജീവനക്കാർക്ക്. സ്ഥിരം ജീവനക്കാരിൽ ഭൂരിഭാഗവും വർക്ക് അറേഞ്ച്മെന്റിൽ മറ്റ് ആശുപത്രികളിലേക്ക് സ്ഥലംമാറി പോയതിനാൽ ദുരിതം പേറുന്നത് താൽക്കാലിക ജീവനക്കാർ.
കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്കാരിലും പേരിന് മാത്രമുള്ള സ്ഥിരം ജീവനക്കാരിലുമാണ് അധികഭാരം അടിച്ചേൽപ്പിക്കുന്നത്.
ജില്ലാ ആശുപത്രിയിൽ 60 ഓളം സ്ഥിരം നേഴ്സുമാരാണുള്ളത്. ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയാക്കിയതോടെ 25 ഓളം പേർ മറ്റ് ആശുപത്രികളിലേക്ക് പോയി. സ്വാധീനമുപയോഗിച്ചാണ് പലരും വർക്ക് അറേഞ്ച്മെന്റിൽ സ്ഥലം മാറി പോയതെന്ന് ആരോപണമുണ്ട്.
താൽക്കാലിക ജീവനക്കാർ 70 ഓളം പേരാണുള്ളത്. നേരത്തേ താൽക്കാലികമായി നിയോഗിച്ച നേഴ്സുമാരും എൻ.എച്ച്.എം. നിയോഗിച്ച നേഴ്സുമാരുമാണ്.
ജീവനക്കാരുടെ കുറവ്മൂലം കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട താൽക്കാലിക ജീവനക്കാർ തുടരെ തുടരെ ഡ്യുട്ടിക്ക് നിയോഗിക്കപ്പെടുന്ന അവസ്ഥയാണ്.
എട്ട് മണിക്കൂറുള്ള ഒരു ഷിഫ്റ്റിൽ രണ്ട് ഡോക്ടർമാരാണ് ജോലി ചെയ്യുന്നത്. ഐസൊലേഷൻ വാർഡിൽ രണ്ട് നേഴ്സുമാരും, ഐ.സി.യു.വിൽ ഒരു ഷിഫ്റ്റിൽ രണ്ട് വീതം നേഴ്സുമാരും പേ വാർഡിൽ രണ്ട് നേഴ്സുമാരും പ്രസവവാർഡിൽ നാല് നേഴ്സുമാരും, രണ്ട് ക്ലീനിങ്ങ് ജീവനക്കാരുമാണുള്ളത്.
കൊവിഡ് രോഗികളായ ഗർഭിണികളെ ഒരു വാർഡിലും, കണ്ടെയിൻമെന്റ് പ്രദേശത്ത് നിന്ന് വരുന്ന ഗർഭിണികളെ മറ്റൊരു വാർഡിലുമാണ് കിടത്തുന്നത്. എന്നാൽ രണ്ട് വാർഡുകളിലും ചികിത്സ നൽകുന്നത് ഒരേ ജീവനക്കാരാണ്.
കൊവിഡ് രോഗികളെ ചികിത്സിക്കുന്ന നഴ്സുമാർ തന്നെ കണ്ടെയിൻമെന്റ് സോണിൽ നിന്നെത്തുന്നവരേയും പരിചരിക്കണം.

മുമ്പ് കണ്ടെയിൻമെന്റ് സോണിൽ നിന്ന് വന്ന യുവതിക്ക് ഗർഭിണികളുടെ വാർഡിൽ നിന്ന് കൊവിഡ് ബാധിച്ചിരുന്നു. ജില്ലാ കൊവിഡ് ആശുപത്രിയിൽ ജോലി ചെയ്ത ജീവനക്കാരെയും കൊവിഡ് പിടികൂടിയിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നല്ല ജീവനക്കാർക്ക് രോഗം വന്നതെന്ന നിലപാടായിരുന്നു ആരോഗ്യവകുപ്പിന്.