വാണിമേൽ: വാർദ്ധക്യകാലത്ത് വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങൾക്ക് തണലായി പകൽ വീട് ഒരുങ്ങുന്നു. വാണിമേൽ പഞ്ചായത്തിലെ 12ാം വാർഡിൽ കൂളിക്കുന്നിലാണ് പകൽ വീട് പദ്ധതി ആരംഭിക്കുന്നത്. പകൽ സമയത്ത് വീടുകളിൽ ഒറ്റയ്ക്കാകുന്ന വൃദ്ധജനങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാനായി രാവിലെ മുതൽ വൈകുന്നേരം വരെം കളിക്കാനും, ലഘു വ്യായാമങ്ങൾക്കും, ചെറിയ വരുമാന കൈത്തൊഴിലുകളിലേർപ്പെടാനുള്ള സാകര്യങ്ങൾ പകൽവീട്ടിൽ ഒരുക്കും.
ലഘുഭക്ഷണങ്ങളും, ഉച്ചഭക്ഷണവും പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നൽകും. ഇവരെ പരിപാലിക്കാൻ കെയർടേക്കറുമാരെ പഞ്ചായത്ത് നിയമിക്കും. ആഴ്ചയിലൊരിക്കൽ ആരോഗ്യ പരിശോധനയും നടക്കും. പദ്ധതി ആരംഭിക്കുന്നതിനായി 3 ലക്ഷം രൂപ പഞ്ചായത്ത് പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. ആവശ്യമായ കളിയുപകരണങ്ങളും, ആരോഗ്യ സഹായ ഉപകരണങ്ങളും കേന്ദ്രത്തിൽ സജ്ജീകരിച്ചു. താത്ക്കാലികമായി പ്രവർത്തനം ആരംഭിച്ചതിനു ശേഷം സൗകര്യപ്രദമായ കെട്ടിടം നിർമ്മിക്കാനുമാണ് തീരുമാനം. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതിനു ശേഷം മാത്രമേ സ്ഥാപനം പ്രവർത്തനമാരംഭിക്കുകയുള്ളൂ. വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി ജയൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.പി രാജീവൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ അഷറഫ് കൊറ്റാല, സി.പി വിനീശൻ, എ.പി.വെള്ളി എന്നിവർ പ്രസംഗിച്ചു.