മുക്കം: കൊവിഡ് കാലം വന്നതോടെ മുക്കത്ത് രാപകൽ ഭേദമെന്യേ ഓടിക്കൊണ്ടിരുന്ന വയലിൽ മൊയ്തീൻകോയ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസിന് പൊലീസിന്റെ വല്ലാത്ത പൂട്ട്.

ആംബുലൻസ് ഓടിക്കുന്നവർക്ക് പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കർശമാക്കിയിട്ടുണ്ട് ഇതിനിടയ്ക്ക്. ട്രസ്റ്റ് ചെയർമാൻ കൂടിയായ ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൽ ജലീലിനു ഈ സർട്ടിഫിക്കറ്റ് നിഷേധിച്ചതോടെ ആംബുലൻസ് സർവീസ് മുടങ്ങുന്ന അവസ്ഥയാണ്.

നിർധനർക്ക് തീർത്തും സൗജന്യമായും അല്ലാത്തവർക്ക് ഇളവോടെയുള്ള നിരക്കിലും ഓടാറുള്ള ആംബുലൻസ് അടിയന്തരഘട്ടങ്ങളിലും ഡ്രൈവർമാരുടെ അഭാവത്തിലും ട്രസ്റ്റ് ചെയർമാൻ തന്നെയാണ് ഓടിക്കാറുള്ളത്. പല ആംബുലൻസുകളും കയറ്റാൻ മടിക്കുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെയും മറ്റും കയറ്റിക്കൊണ്ടു പോകാൻ സങ്കോചം കാണിക്കാറില്ല അബ്ദുൽ ജലീൽ. ക്ലിയറൻസ് സർട്ടിഫിക്കറ്റിനുള്ള ഇദ്ദേഹത്തിന്റെ അപേക്ഷ പക്ഷേ, മുക്കം പൊലീസ് നിരസിക്കുകയായിരുന്നു.

അവശനിലയിൽ റോഡിൽ കിടന്ന രോഗിയെ മുക്കം സി.എച്ച്.സി യിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കുന്നതിനിടെയുണ്ടായ പ്രശ്നത്തിന്റെ പേരിൽ അവിടത്തെ ഒരു ഡോക്ടർ നൽകിയ പരാതിയിൽ കേസ് നിലവിലുണ്ടെന്ന കാരണം പറഞ്ഞാണ് അബ്ദുൽ ജലീലിന് മുക്കം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ചത്. ഇതിനെതിരെ പരക്കെ പ്രതിഷേധമുയരുന്നുണ്ട്.