കമ്പളക്കാട്: സെക്കൻഡ് ഹാന്റ് വാഹന വിൽപ്പന ഇടപാടുകാരനെ ആക്രമിച്ച് 70000 രൂപയും, വാച്ചും, മൊബൈലും കവർന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കാര്യമ്പാടി പുള്ളോർക്കുടിയിൽ പി.പി പ്രവീണിനെ (25) യാണ് കമ്പളക്കാട് എസ്.ഐ രാംകുമാറും സംഘവും അറസ്റ്റ് ചെയ്തത്.ഇതോടെ കേസിലെ 7 പ്രതികളും അറസ്റ്റിലായി. ആഗസ്റ്റ് 21 നാണ് കേസിനാസ്പദമായ സംഭവം. മേപ്പാടി പുത്തുമല മെഹ്റൂഫ്(20), കൽപ്പറ്റ എമിലി സി.കെ ആഷിക് (25),കൽപ്പറ്റ പുഴമുടി പി.ആർ പ്രമോദ് (26), കോഴിക്കോട് പുതിയങ്ങാടി കെ.കെ ഷഫീഖ് (34), പുതിയങ്ങാടി പി.കെ. സക്കറിയ (30),കാര്യമ്പാടി പാലക്കാമൂല പി.എസ് രാഹുൽ(20) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. കുഞ്ഞോം സ്വദേശിയായ യുവാവിനെ കാർ വിൽക്കാനുണ്ടെന്ന് പറഞ്ഞ് വരദൂർ പാലത്തിനടുത്ത് വിളിച്ചു വരുത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയതായാണ് പരാതി. ഗൂഗിൾ പേ വഴിയാണ് 70000 രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിപ്പിച്ചത്.