
കോഴിക്കോട്: കൊവിഡ് ഇളവിൽ ഡ്രൈവിംഗ് സ്‌കൂളുകൾ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും ലൈസൻസ് കിട്ടാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരും. ലൈസൻസിനായുള്ള നടപടിക്രമങ്ങൾ അനന്തമായി നീളുന്നതാണ് ഡ്രൈവിംഗ് പഠിച്ചിറങ്ങുന്നവർക്ക് വിനയായത്. കഴിഞ്ഞ ആഴ്ച അപേക്ഷിച്ചവർക്ക് ലേണേഴ്‌സ് പരീക്ഷയ്ക്ക് ഡിസംബറിലും ഡ്രൈവിംഗ് ടെസ്റ്റിന് ജനുവരിയിലുമാണ് തീയതി ലഭിച്ചത്. പരിശീലനം പുനരാരംഭിച്ചതോടെ ആയിരത്തോളം അപേക്ഷകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോക്ക് ഡൗണിന് മുമ്പ് ലേണേഴ്‌സ് പാസായവർക്കും ഒരിക്കൽ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുത്ത് പരാജയപ്പെട്ടവർക്കും ഒക്ടോബര്‍ 15 വരെയാണ് അവസരം നൽകിയത്. എന്നാൽ ലേണേഴ്‌സ് പാസായവർക്ക് ഡിസംബർ വരെ കാലാവധി നീട്ടിയിട്ടുണ്ട്. ദിനംപ്രതി 120 ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്ന ചേവായൂർ റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് കീഴിൽ ഇപ്പോൾ 60 ടെസ്റ്റ് മാത്രമാണ് നടക്കുന്നത് .കോഴിക്കോട് ആർ.ടി.ഒ കൾക്ക് കീഴിൽ ദിവസവും ശരാശരി 30 ടെസ്റ്റ് മാത്രമാണ് നടക്കുന്നത്. ടെസ്റ്റ് ദിവസം നീണ്ടുപോകുന്നത് പുതിയ അഡ്മിഷനെ ബാധിക്കുന്നതായി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പറയുന്നു. ലോക്ക് ഡൗണിന് ശേഷം അപേക്ഷകരുടെ എണ്ണത്തിന് അനുസൃതമായി ടെസ്റ്റുകൾ നടക്കാത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്. പുതിയതും പഴയതുമായ അപേക്ഷകൾ ഒരുമിച്ച് പരിഗണിക്കാൻ തുടങ്ങിയതും പ്രതിസന്ധി ഇരട്ടിച്ചു. ലേണേഴ്‌സ് പാസായവർ കൂട്ടത്തോടെ റോഡ് ടെസ്റ്റിന് അപേക്ഷിച്ചതും പ്രശ്‌നമായി. കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഓൺലൈനായി നിശ്ചിത എണ്ണം അപേക്ഷകൾ മാത്രമെ പരിഗണിക്കാൻ സാധിക്കൂവെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്.