1
വെള്ളലശേരിയിൽ സ്ഥാപിച്ച മിനി. എം.സി എഫ് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബീന ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ അജൈവ മാലിന്യ ശേഖരണത്തിനും ശാസ്ത്രീയ പരിപാലനത്തിനുമായി വാർഡ് തലത്തിൽ മിനി എം.സി.എഫുകൾ സ്ഥാപിച്ചു തുടങ്ങി.മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി സ്ഥാപിക്കുന്ന എം.സി.എഫുകളുടെ ഉദ്ഘാടനം വെള്ളലശേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന നിർവ്ഹിച്ചു. വൈസ് പ്രസിഡന്റ് ടി.എ രമേശൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർപേഴ്സൺ വി.ടി ഷീജ, എ. പ്രസാദ്, ഹരിത കേരളം റിസോഴ്സ് പേഴ്സൺ എ.രാജേഷ്, മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രതിനിധികളായ സ്വാതി സദാശിവൻ, എസ്.ആർ പ്രിയേഷ് എന്നിവർ പ്രസംഗിച്ചു. ഹരിതകർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ ഓരോ വാർഡിലെയും വീടുകളിൽ യൂസർ ഫീ നൽകി ഹരിത കർമ്മ സേനാംഗങ്ങൾ മാസംതോറും ശേഖരിക്കുന്ന അജൈവ മാലിന്യം സൂക്ഷിക്കാനുള്ള വാർഡ് തല സംവിധാനമാണ് മിനി എം.സി.എഫ്. ഇത്തരത്തിൽ മിനി.എം.സി.എഫിൽ എത്തിക്കുന്ന അജൈവ മാലിന്യം പഞ്ചായത്തിലെ എം.സി.എഫിൽ എത്തിച്ച് തരംതിരിച്ച് കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്. പഞ്ചായത്തിലെ 23 വാർഡുകളിലും മിനി.എം.സി.എഫുകൾ സ്ഥാപിക്കും. വീടുകളിൽ ഉറവിട മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ശുചിത്വമിഷൻ, തൊഴിലുറപ്പ് തുടങ്ങിയ വകുപ്പുകളുടെ പദ്ധതികൾ വഴി ഏകദേശം 50 ശതമാനത്തോളം വീടുകളിൽ ഇതിനോടകം തന്നെ ഉറവിട മാലിന്യ സംസ്കരണം സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ കമ്പോസ്റ്റ് പിറ്റ്, സോക്ക്പിറ്റ് എന്നിവ സ്ഥാപിക്കാനുള്ള പ്രവർത്തനം നടന്നു വരുന്നു.