കോഴിക്കോട് : കൊവിഡ് പ്രതിരോധം കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി അടുത്ത മാസം തുടങ്ങുന്നതോടെ ദിവസേന പതിനായിരം പേരെ വീതം ടെസ്റ്റിന് വിധേയരാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.

ഇതിനകം ജില്ലയിൽ ജനസംഖ്യയുടെ ആറിലൊന്ന് പേരെ ടെസ്റ്റിന് വിധേയരാക്കി. ഈ ആഴ്ച ദിവസേന 9,500 പേരെ വീതം ടെസ്റ്റ് ചെയ്യും.

ബോധവത്കരണം കൂടുതൽ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ജനപ്രതിനിധികൾക്കു പുറമെ ആശ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവരും ഈ കാമ്പയിനിൽ പങ്കാളികളാവും. ഓരോ പ്രദേശത്തെയും റസിഡന്റ്സ് അസോസിയേഷനുകളും ഇതിന്റെ ഭാഗമായി മാറും. ഈ കൂട്ടായ്മകൾക്ക് നിശ്ചിത എണ്ണം വീടുകളുടെ ചുമതല ഏല്പിക്കും.

കൊവിഡ് പ്രോട്ടോക്കോൾ കർശനമാക്കിയതോടെയുള്ള പരിശോധനയിൽ നഗരത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ട്. കൂടുതൽ ഇടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കും.

ആശുപത്രികളിൽ ആവശ്യത്തിന് ഓക്‌സിജൻ സിലിൻഡർ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തെയും നേരിടാനുതകുന്ന സജ്ജീകരണങ്ങൾ ഉറപ്പാക്കിയിട്ടുമുണ്ട്.
ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നതായി കണ്ടതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ സൂക്ഷ്മതയോടെയുള്ള പരിചരണത്തിന് നിർദ്ദേശിച്ചിരിക്കുകയാണ്. രോഗവ്യാപനം കൂടാൻ സാദ്ധ്യതയുണ്ടെന്ന ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞു.

ജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ മാത്രമേ പഴുതടച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സാദ്ധ്യമാവൂ എന്നും മന്ത്രി പറഞ്ഞു.