കോഴിക്കോട് : മുന്നാക്ക സംവരണത്തിന്റെ മറവിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടത്തുന്ന സംവരണ അട്ടിമറിക്കെതിര സമസ്ത പ്രക്ഷോഭത്തിലേക്ക്. യാതൊരു പഠനത്തിന്റെയും അടിസ്ഥാനമില്ലാതെയുള്ള മുന്നാക്ക സംവരണം ഉദ്യോഗ, വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സമസ്ത നേതൃയോഗം വിലയിരുത്തി.
മെഡിക്കൽ, എൻജിനിയറിംഗ്, ഹയർ സെക്കൻഡറി പ്രവേശനവുമായി ബന്ധപ്പെട്ട് തയാറാക്കിയ ലിസ്റ്റുകളിൽ വലിയ രീതിയിൽ സംവരണ അട്ടിമറിയും മെറിറ്റ് അട്ടിമറിയും കണ്ടെത്തിയിരുന്നു. സംവരണവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഉദ്യോഗ മേഖലയിൽ മുസ്ലിം, ദളിത് പിന്നാക്ക വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കുന്ന തരത്തിൽ സംവരണം ഏർപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തത്. മെറിറ്റ് സീറ്റിൽ നിന്ന് പത്തു ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് പറയുന്ന സർക്കാർ 20 ശതമാനം സീറ്റാണ് പിന്നാക്കക്കാർക്ക് കൂടി അവകാശപ്പെട്ട മെറിറ്റ് സീറ്റിൽ നിന്ന് കവർന്നെടുത്തത്.
സാമ്പത്തിക സംവരണത്തിന്റെ മറവിലുള്ള പിന്നാക്ക സംവരണ മെറിറ്റ് അട്ടിമറിക്കെതിരേ വിവിധ സമുദായ സംഘടനകളെ സംഘടിപ്പിച്ച് യോജിച്ച പ്രക്ഷോഭം നടത്താനും കോഴിക്കോട്ടു ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃയോഗം തീരുമാനിച്ചു. ഡോ. എൻ.എ.എം അബ്ദുൽ ഖാദിർ ചെയർമാനും മുസ്തഫ മുണ്ടുപാറ കൺവീനറുമായി സമിതി രൂപീകരിച്ചു. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കർ, അബ്ദുസമദ് പൂക്കോട്ടൂർ, കെ. മോയിൻകുട്ടി , ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നാസർ ഫൈസി കൂടത്തായി, സത്താർ പന്തലൂർ എന്നിവർ സമിതി അംഗങ്ങളാണ്.