
കൽപ്പറ്റ: കൊവിഡ് നിയന്ത്രങ്ങളും ഗതാഗത നിയമങ്ങളുമൊന്നും ബാധകമാവാതെ വയനാടൻ ചുരം. താമരശ്ശേരി ചുരത്തിന്റെ ഒമ്പതാം വളവിനു മുകളിൽ കാഴ്ച കാണാൻ ഒരു നിയന്ത്രണവുമില്ലാതെ ആളുകൾ കൂട്ടം കൂടുകയാണ്. വാഹനങ്ങൾ നിറുത്തിയിടുന്നതിന് നിരോധനമുള്ള സ്ഥലമാണിത്.
കൊവിഡ്ബാധ രൂക്ഷമായിട്ടുള്ള കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് എത്തുന്നവരാണ് ഇവിടെ വാഹനങ്ങൾ നിറുത്തിയിട്ട് കാഴ്ച കാണാനിറങ്ങുന്നത്. ഇത് വലിയ വാഹനകുരുക്കിന് കാരണമാവുകയാണ്.
മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസുകളും മറ്റു യാത്രക്കാരുടെ വാഹനങ്ങളുമെല്ലാം ഇവിടത്തെ കുരുക്കിൽ പെട്ടുവലയുന്നത് പതിവാണ്. മാസ്കു പോലും ധരിക്കാതെയാണ് സെൽഫിയെടുക്കാനും കുരങ്ങുകളുടെ പടമെടുക്കാനുമുള്ള തിരക്ക്. ബൈക്കിലെത്തുന്ന ചെറുപ്പക്കാർ ചീറിപ്പാഞ്ഞ് ഭീതിയുണ്ടാക്കുന്നതും പതിവാണ്.