arang

കോഴിക്കോട്: പഠനവും ആഘോഷവും മാത്രമല്ല, ഓൺലൈനിൽ അരങ്ങുണർത്തി സ്കൂൾ കലോത്സവവും . കൊവിഡിൽ ‌കുട്ടികളുടെ സർഗവാസനകൾ ഡൗണാകാതിരിക്കാൻ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളാണ് 'അരങ്ങ് 2020' എന്ന പേരിൽ ഓൺലൈൻ കലാമേള നടത്തുന്നത്. ജില്ലയിൽ ആദ്യമായി സ്കൂൾ കലോത്സവം ഓൺലൈനിൽ നടത്തിയെന്ന പെരുമയും ലിറ്റിൽ ഫ്ലവറിന് സ്വന്തം. ഈ മാസം 18ന് ആരംഭിച്ച കലോത്സവത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി കഴിഞ്ഞു. വാട്സ് ആപ്പിലൂടെയാണ് മത്സരങ്ങൾ നടത്തുന്നത്. ഓരോ ദിവസവും അടുത്ത ദിവസത്തെ പരിപാടിയുടെ സമയവും ഇനവും വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കും. ഒരു കുട്ടിയ്ക്ക് രണ്ട് ഇനത്തിൽ പങ്കെടുക്കാം. മൂന്ന് മിനുട്ട് ദൈർഘ്യമുള്ള വീഡിയോകൾ അദ്ധ്യാപകർക്ക് നിശ്ചിത സമയത്തിനുള്ളിൽ അയച്ചു കൊടുക്കണം. അദ്ധ്യാപകർ‌ തന്നെയാണ് വിജയികളെ പ്രഖ്യാപിക്കുന്നതും. കലോത്സവത്തിന്റെ പേരിൽ ക്ലാസുകൾ നഷ്ടപ്പെടാതെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

രണ്ട് സെക്ഷനായി നടന്ന പരിപാടിയിൽ എൽ.പി വിഭാഗത്തിൽ ലളിതഗാനം, പദ്യംചൊല്ലൽ, പ്രസംഗം, നാടോടി നൃത്തം, കഥാകഥനം, ആംഗ്യപ്പാട്ട് എന്നിവയും യു.പി വിഭാഗത്തിൽ പദ്യം ചൊല്ലൽ. പ്രസംഗം (മലയാളം, ഇംഗ്ലീഷ് ), മാപ്പിളപ്പാട്ട്, കഥാഭിനയം, നാടോടിനൃത്തം, വാദ്യോപകരണം (തബല, വയലിൻ, ഗിറ്റാർ, ഓർഗൺ, ചെണ്ട), ഉറുദു പദ്യംചൊല്ലൽ, സംസ്കൃത കഥ തുടങ്ങിയവയാണ് മത്സരയിനങ്ങൾ. 28വരെയാണ് കലോത്സവം നടക്കുക.

" കുട്ടികളും അദ്ധ്യാപകരും കലോത്സവത്തെ ഏറ്റെടുത്തിരിക്കുകയാണ്. പഠനത്തെ ബാധിക്കാത്ത തരത്തിലാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. കുട്ടികളിൽ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. വിദ്യാർത്ഥികളെക്കാൾ ഉത്സാഹവും ഒരുക്കങ്ങളും അദ്ധ്യാപകർക്കും മാതാപിതാക്കൾക്കുമാണ്.

ജോയ്, സ്കൂൾ പ്രിൻസിപ്പാൾ

" സ്കൂളിലെ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തമുണ്ട്, അദ്ധ്യാപകരുടെ പിന്തുണയാണ് പരിപാടിയെ ഇത്രത്തോളം ശ്രദ്ധേയമാക്കാൻ കാരണം.''- ട്രീസ ജോസഫ്, കലോത്സവ കൺവീനർ