കോഴിക്കോട്: പാരിസ്ഥിതികം 2020ന്റെ ഭാഗമായി സംസ്ഥാന സർക്കാർ സംസ്ഥാനത്തെ 42 സംഘടനകളിലൂടെ നടപ്പാക്കുന്ന “വായു മലിനീകരണം തടയാൻ നമുക്ക് ഒന്നിക്കാം” കാംപയിന് ജില്ലയിൽ ദർശനം സാംസ്കാരിക വേദി നേതൃത്വം നൽകും.
29 ന് മന്ത്രി എ.കെ ശശീന്ദ്രൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. നവംബർ 11ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. ഡോ കെ .പി സുധീർ ക്ലാസുകൾ ഉദ്ഘാടനം ചെയ്യും.
നഗരത്തിലെ രണ്ട് കേന്ദ്രങ്ങളിൽ വായു മലിനീകരണ തോത് കണ്ടുപിടിക്കുന്നതിനുള്ള സെന്ററുകൾ സ്ഥാപിക്കും. പുതുതലമുറയിൽ വായു മലിനീകരണം തടയേണ്ടതിന്റെ പ്രാധാന്യം വിശദമാക്കാൻ 650 വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്, ക്വിസ് മത്സരം എന്നിവ നടത്തും. വിജയികളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് കാഷ് പ്രൈസും ഫലകവും സമ്മാനിക്കും. സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, പൊല്യൂഷൻ കൺട്രോൾ ബോർഡ് എന്നിവരുടെ സാങ്കേതിക സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുക.
വാർത്താ സമ്മേളനത്തിൽ ദർശനം ഗ്രന്ഥാലയം പ്രസിഡന്റ് ടി.കെ സുനിൽകുമാർ, വൈസ് പ്രസിഡന്റ് രാജപ്പൻ എസ്.നായർ, ജോയിന്റ് സെക്രട്ടറി കൊല്ലറക്കൽ സതീശൻ, സി.ഡെബ്ല്യൂ.ആർ.ഡി.എം സയന്റിസ്റ്റ് ഡോ.കെ.വി ശ്രുതി എന്നിവർ പങ്കെടുത്തു.