
കുറ്റ്യാടി: വേളം പഞ്ചായത്തിലെ പെരുവയലിൽ വളർത്തുമൃഗങ്ങൾക്ക് വൈറസ് രോഗം പകരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ജില്ല എപ്പിഡമോളജിസ്റ്റ് ഡോ.നിഷയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കായി സ്ഥലത്തെത്തി. രോഗം ബാധിച്ച ആടുകളിൽ നിന്ന് രക്ത സാംമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി കണ്ണൂർ റീജിയണൽ ലാബിലേക്ക് അയച്ചു.
രോഗപ്പകർച്ച കൂടുന്ന സാഹചര്യത്തിൽ വേളം മൃഗാശുപത്രിയിൽ ആവശ്യത്തിനുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. മൃഗ ഡോക്ടറുടെ അഭാവം കർഷകർക്കുണ്ടാക്കുന്ന പ്രയാസങ്ങൾ മനസിലാക്കി സെക്ടറൽ മജിസ്ട്രേട്ട് പദവയിൽ നിന്നു ഡോക്ടറെ ഒഴിവാക്കാൻ മൃഗസംരക്ഷണ ഡയറക്ടർക്ക് കത്ത് അയച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ ഓഫീസർ പറഞ്ഞു.
രോഗബാധിത മേഖലയിൽ ഇന്നലെ പാറക്കൽ അബ്ദുള്ള എം.എൽ.എ യും എത്തിയിരുന്നു. ഉപജീവനമാർഗമെന്ന നിലയിൽ വളർത്തുമൃഗങ്ങളെ പോറ്റുന്ന സാധാരണക്കാർക്ക് സർക്കാർ സൗജന്യമായി മരുന്ന് ലഭ്യമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരുന്നിന് പൊതുവെ വലിയ വിലയായതുകൊണ്ട് കർഷകർക്ക് താങ്ങാനാവില്ല. നിലവിലുള്ള ഡോക്ടറെ കൊവിഡ് ഡ്യൂട്ടിയിൽ നിന്നു ഒഴിവാക്കി മുഴുവൻസമയ സേവനം ഈ മേഖലയിൽ ഉറപ്പ് വരുത്തണം.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പയെടുത്ത് വളർത്തുമൃഗങ്ങളെ വാങ്ങിയ കർഷകർക്ക് ഈ രോഗം തിരിച്ചടിയായ സാഹചര്യത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അബ്ദുള്ള, വാർഡ് അംഗം പി.കെ. സജീവൻ, പി.കെ.ദാമോദരൻ, കെ.സി.കാസിം, പി.ഷരീഫ്, മാങ്ങോട്ട് കരിം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.