escalator
കോഴിക്കോട് നഗരത്തിൽ രാജാജി റോഡിലെ എസ്‌കലേറ്റർ കം ഫൂട്ട് ഓവർ ബ്രിഡ്‌ജ്

 ഉദ്ഘാടനം നവം. ഒന്നിന്

കോഴിക്കോട് : നഗരത്തിന്റെ മുഖച്ഛായ മാറ്റാനുതകുംവിധം രാജാജി റോഡിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപം എസ്‌കലേറ്റർ കം ഫൂട്ട് ഓവർ ബ്രിഡ്‌ജ് ഏതാണ്ട് ഒരുങ്ങി. മിനുക്ക് പണികൾ നടന്നുവരികയാണിപ്പോൾ. ഉദ്ഘാടനം നവംബർ ഒന്നിന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡിലെ ഗതാഗത കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് അമൃത് പദ്ധതിയിലുൾപ്പെടുത്തി കോർപ്പറേഷൻ എസ്‌കലേറ്റർ കം ഫൂട്ട് ഓവർ ബ്രിഡ്‌ജ് നിർമ്മിച്ചത്. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു മേല്പാലം. എസ്‌കലേറ്ററിനു പുറമെ ലിഫ്റ്റുമുണ്ട്.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. മൂന്ന് വർഷത്തേക്ക് പരിപാലന ചുമതല കൂടി ഉൾപ്പെടുത്തിയാണ് കരാർ.

ഇൻഡോർ സ്റ്റേഡിയത്തിനും മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനും ഇടയിലായാണ് നടപ്പാലം. രാജാജി റോഡിന് മുകളിലൂടെ പുതിയ ബസ് സ്റ്റാൻഡിലേക്കും തിരിച്ചും ഇറങ്ങാനും കയറാനും സാധിക്കും. മേൽക്കൂരയുമുണ്ട്. ലിഫ്റ്റിൽ ഒരേ സമയം 13 പേർക്ക് കയറാം. എസ്‌കലേറ്ററിൽ മണിക്കൂറിൽ 11,700 പേർക്ക് പോകാനാകും.

പദ്ധതിയുടെ ഇരുവശത്തുമുള്ള 1140 ചതുരശ്രഅടി സ്ഥലം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കും. തിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ രാജാജി റോഡിന് കുറുകെ നേരത്തേ നടപ്പാലം സ്ഥാപിച്ചിരുന്നു. എന്നാൽ നടന്നു കയറേണ്ടതായതിനാൽ ആളുകൾ ഉപയോഗിച്ചില്ല. ഉപയോഗശൂന്യമായ ഈ പാലം കോഴിക്കോട്ട് ദേശീയ ഗെയിംസ് അരങ്ങേറിയതിനോടനുബന്ധിച്ചാണ് പൊളിച്ചത്. പഴയ പാലത്തിന്റ അവസ്ഥ മനസിലാക്കി എസ്‌കലേറ്റർ കം ഫൂട്ട് ഓവർബ്രിഡ്ജ് എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു കോർപ്പറേഷൻ.

 വെല്ലുവിളികളെ അതിജീവിച്ച നിർമാണം

കൊവിഡ് പ്രതിസന്ധിയിൽ പ്രവൃത്തി വൈകിയിരുന്നു. എസ്‌കലേറ്റർ നിർമ്മിക്കുന്ന കമ്പനി കൊവിഡ് വ്യാപനത്തോടെ താത്കാലികമായി അടച്ചുപൂട്ടിയതായിരുന്നു കാരണം. പിന്നീട് എസ്‌കലേറ്റർ എത്തിച്ചതോടെ പ്രവൃത്തി വേഗം പൂർത്തിയാക്കാൻ കഴിഞ്ഞു.

 ഹൈടെക്ക് പാലം

അനുവദിച്ച തുക 11.35 കോടി

നടപ്പാലത്തിന്റെ നീളം 25. 37 മീറ്റർ

വീതി 3 മീറ്റർ

ഉയരം 6.5 മീറ്റർ