മാനന്തവാടി: യുവാക്കൾക്ക് പുതിയ തൊഴിൽ സാധ്യതകൾ ഒരുക്കി കേരള സർക്കാറിന്റെ നൈപുണ്യ വികസന പദ്ധതിയായ (അസാപ്) അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് തുറക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മൾട്ടി സ്‌കില്ലിങ്ങ് സെന്ററുകളായാണ് സ്‌കിൽ പാർക്കുകൾ പ്രവർത്തിക്കുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി സ്ഥാപിക്കുന്ന 16 സ്‌കിൽ പാർക്കുകളിൽ ഒൻപത് എണ്ണം പ്രവർത്തനസജ്ജമായി.
സ്‌കിൽ പാർക്ക് വ്യവസായ മേഖലയെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളെയും, നൈപുണ്യ പരിശീലനത്തെയും സംയോജിപ്പിച്ച് വ്യവസായ മേഖലയുടെ ആവശ്യങ്ങളെയും തൊഴിൽ നൈപുണ്യം നേടിയവരുടെ ലഭ്യതയേയും തമ്മിൽ ബന്ധിപ്പിക്കും. ഇതിലൂടെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ പുതിയ തൊഴിൽ മേഖലകളിലേക്ക് എത്തിപ്പെടുന്നതിന് പ്രാപ്തരാക്കാനാവും.

കേന്ദ്ര സംസ്ഥാന സർക്കാറുകൾ നിഷ്‌കർഷിക്കുന്ന ദേശീയ നൈപുണ്യ വികസന ചട്ടകൂട് (എൻ.എസ്.ക്യൂ.എഫ്) പ്രകാരമുള്ളതും ഇൻഡസ്ട്രി സർട്ടിഫിക്കേഷൻ ഉള്ളതുമായ നൂതന തൊഴിൽ നൈപുണ്യ കോഴ്സുകളാണ് സ്‌കിൽ പാർക്കുകൾ വഴി നടപ്പിലാക്കുന്നത്. പ്രായഭേദമന്യേ എല്ലാ വിഭാഗത്തിലുള്ളവർക്കും സ്‌കിൽ പാർക്കിലെ വിവിധ കോഴ്സുകളിൽ പങ്കെടുക്കാം.

മാനന്തവാടി ഗവൺമെന്റ് കോളേജിന് സമീപം പ്രവർത്തനമാരംഭിക്കുന്ന കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ അദ്ധ്യക്ഷത വഹിക്കും. സ്‌കിൽ പാർക്കിൽ നടക്കുന്ന ചടങ്ങിൽ ഒ.ആർ. കേളു എം.എൽ.എ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള തുടങ്ങിയവർ പങ്കെടുക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടക്കുന്ന പരിപാടിയിൽ

സി.എസ്.പി മാനന്തവാടിയുടെ ഫേസ്ബുക്ക് പേജിലൂടെയും,

https://www.youtube.com/c/oricemsccd എന്ന യുട്യൂബ് ലിങ്ക് ഉപയോഗിച്ചും പൊതുജനങ്ങൾക്ക് പങ്കെടുക്കാം