aryadan-shoukath-

കോഴിക്കോട്: വിദേശത്ത് മെഡിസിൻ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിലെ പ്രതിയുമായി അടുപ്പമുണ്ടെന്ന കണ്ടെത്തലിൽ നിലമ്പൂർ നഗരസഭ മുൻ ചെയർമാൻ കൂടിയായ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തു.

മേരിമാത എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ സിബിയാണ് കേസിലെ പ്രതി. ആര്യാടൻ ഷൗക്കത്ത് ചെയർമാനായിരിക്കെ നഗരസഭയുടെ പാട്ടുത്സവം ഉൾപ്പെടെ ചില പരിപാടികളുടെ സ്‌പോൺസറായിരുന്നു സിബി. ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ബോർഡ് അംഗമാക്കാമെന്ന വാഗ്ദാനം നൽകി ആര്യാടൻ ഷൗക്കത്തും മാദ്ധ്യമപ്രവർത്തകൻ എം.പി. വിനോദും ചേർന്ന് സിബിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണവുമുണ്ട്.

കഴിഞ്ഞ 30 നു ഷൗക്കത്തിനെ പത്ത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇന്നലെ വീണ്ടും കോഴിക്കോട് കല്ലായിയിലെ ഇ.ഡി സബ് സോണൽ ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു മൊഴിയെടുക്കൽ.

പാട്ടുത്സവത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് നൽകാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായതെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.