കുറ്റ്യാടി: മരുതോങ്കര കാവിലുംപാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടുത്തോട് പാലം പണി ഇഴഞ്ഞു നീങ്ങുന്നതായി പരാതി. 2019 ജൂണിലാണ് ട്രാൻസ് പോർട്ട് ബസ്സുകളടക്കം നിരവധി വാഹനങ്ങൾ കടന്ന് പോയിരുന്ന നടുത്തോട് പാലത്തിലൂടെയുള്ള ഗതാഗതം യാതൊരു മുന്നൊരുക്കങ്ങളും കൂടാതെ നിരോധിച്ചത്. ഡിസംബറിൽ പാലം പൊളിച്ചുനീക്കി പുതിയത് പണിയാൻ നടപടികൾ തുടങ്ങി. 2020 ആഗസ്റ്റ് 31 ന് മുൻപ് പാലം പണി പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കും എന്നായിരുന്നു നാട്ടുകാർക്ക് നൽകിയ ഉറപ്പ്. എന്നാൽ ആവശ്യത്തിന് ജോലിക്കാരെ വെച്ച് പണി പൂർത്തിയാക്കാൻ കോൺട്രാക്ടർ ശ്രമിച്ചില്ല. മെയിൻ സ്ലാബിന്റെ കോൺ ക്രീറ്റ് പൂർത്തിയാക്കിയിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും അനുബന്ധ പണികൾ കൂടുതൽ ജോലിക്കാരെ വെച്ച് തീർക്കുന്നതിന് പകരം പഴയത് പോലെ തന്നെ നാല് അന്യസംസ്ഥാന തൊഴിലാളികളെ വെച്ച് സമയം കളയുകയാണ്.

പാലം പണി വെെകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഒത്തുചേർന്ന് കൂട്ടായ്മയുണ്ടാക്കി പ്രതികരിച്ചതിന്റെ ഫലമായി സ്ലേബ് വാർപ്പ് പൂർത്തീകരിച്ചിട്ടുണ്ട്. നടുത്തോട് പാലത്തിലൂടെ കടന്ന് പോകേണ്ട വാഹനങ്ങൾ മറ്റൊരു റോഡിലൂടെ (വട്ടകൈത റോഡ്) കടന്ന് പോകുന്നത് കാരണം ആ റോഡും ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. അപകടങ്ങൾ സംഭവിക്കുമ്പോൾ ആശുപത്രിയിൽ എത്തിക്കാൻ പ്രയാസപ്പെടുകയാണെന്നും. പാലത്തിന്റെ പണി എത്രയും വേഗം പൂർത്തിയാക്കണവെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും

കോഴിക്കോട് ജില്ല കളക്ടർക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.