പുൽപ്പള്ളി: ജനവാസ മേഖലയായ ചീയമ്പം 73 ൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ കടുവയെ തുറന്നുവിടാൻ നടപടിയായില്ല. കടുവയെ വനംവകുപ്പിന്റെ വെറ്ററിനറി സർജൻ അരുൺ സക്കറിയ പരിശോധിച്ചു. പരിശോധനാഫലം പുറത്തുവന്നിട്ടില്ല. കടുവയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം.

തിരുവനന്തപുരത്തെയും തൃശൂരിലെയും മൃഗശാലകളിൽ കടുവയെ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് അധികൃതർ. തൃശൂർ മൃഗശാലയിൽ പ്രവർത്തികൾ നടക്കുകയാണ്. കേരളത്തിലെ മറ്റ് കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ കൊണ്ടുപോയി തുറന്നുവിടുന്നതിനും എതിർപ്പ് നിലനിൽക്കുകയാണ്. ഇതുകാരണം വനംവകുപ്പും വെട്ടിലായിരിക്കുകയാണ്.

കടുവയെ എവിടെ കൊണ്ടുപോയി വിടണമെന്ന് അറിയാത്ത അവസ്ഥയിലാണ് വനംവകുപ്പ്. സാധാരണ മുത്തങ്ങക്കടുത്ത ട്രൈജംഗ്ഷനിലാണ് ഇത്തരത്തിൽ പിടികൂടുന്ന മൃഗങ്ങളെ കൊണ്ടുവിട്ടിരുന്നത്. എന്നാൽ ഇവിടെ വിടുന്നതിനും എതിർപ്പ് ഉണ്ട്. ഈ സാഹചര്യത്തിൽ കടുവയുടെ സംരക്ഷണം വൻ ബാധ്യതയായിരിക്കുകയാണ് വനംവകുപ്പിന്.

ബാഹ്യ പരിശോധനകളിൽ കടുവക്ക് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല. ആന്തരിക അവയവങ്ങൾക്ക് എന്തെങ്കിലും തകരാറുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ചീയമ്പം 73 ൽ നിന്നും നിരവധി വളർത്തുമൃഗങ്ങളെ കൊന്നുതിന്ന പെൺ കടുവ ഞായറാഴ്ച പുലർച്ചെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്.