രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിലെ 31-ാം ഡിവിഷനിൽ സി.പി.ഐ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച പി.കെ.സജ്നയ്ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ട് സി പി ഐ രാമനാട്ടുകര ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി.

എൽ ഡി എഫ് ധാരണ പ്രകാരം നേരത്തെ വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട പി കെ സജ്ന പിന്നീട് യു ഡി എഫുമായി ചേർന്നു പ്രവർത്തിക്കുകയായിരുന്നു. തുടർന്ന് എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് അര മണിക്കൂർ മുമ്പ് അവർ സ്ഥാനം രാജി വെക്കുകയാണുണ്ടായത്. യു ഡി എഫിൽ മുസ്ലീം ലീഗിന്റെ പിന്തുണ ലഭിക്കാതെ വന്നപ്പോഴായിരുന്നു രാജി.

പാർട്ടിയുടെ നയങ്ങളും നിർദ്ദേശങ്ങളും ലംഘിച്ചതിനാൽ സജ്നയ്ക്ക് ആസന്നമായ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത കല്പിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മജീദ് വെൺമരത്താണ് പരാതി നൽകിയത്.