കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലത്തിലെ രണ്ട് പ്രൈമറി ഹെൽത്ത് സെന്ററുകൾ കുടംബാരോഗ്യ കേന്ദ്രങ്ങളായി മാറി. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചൂലൂർ, പെരുവയൽ ഗ്രാമ പഞ്ചായത്തിലെ പെരുവയൽ എന്നീ പിഎച്ച്.സികളെയാണ് പുതുതായി ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്.

പുതിയ സാഹചര്യത്തിൽ ഇവയുടെ പ്രവർത്തനസമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെയായിരിക്കും. മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്നും നഴ്സ്, ലാബ് ടെക്‌നീഷ്യൻ, അറ്റൻഡർ തസ്തികകളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തുമെന്നും എം.എൽ.എ പറഞ്ഞു.

മണ്ഡലത്തിൽ നാല് പ്രൈമറി ഹെൽത്ത് സെന്ററുകളുള്ളതിൽ കുന്ദമംഗലം, പെരുമണ്ണ പ്രൈമറി ഹെൽത്ത് സെന്ററുകളെ നേരത്തെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടെ മുഴുവൻ പി.എച്ച്.സികളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി.

രണ്ടിടത്തും ആധുനിക ലബോറട്ടറി, പ്രീ ചെക്ക് കൗൺസിലിംഗ്, എൻ.സി.ഡി ക്ലിനിക്ക്, വ്യായാമത്തിനായുള്ള യോഗ, വെൽസ് സെന്റർ എന്നിവ ഏർപ്പെടുത്തുമെന്ന് പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. ദീർഘകാല ശ്വാസകോശ രോഗങ്ങളുടെ പ്രതിരോധം, നിയന്ത്രണം, പുനരധിവാസം തുടങ്ങിയവ ലക്ഷ്യമിട്ടുള്ള ശ്വാസ് പദ്ധതി, വിഷാദരോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള ആശ്വാസം പദ്ധതി എന്നിവയും ഈ കേന്ദ്രങ്ങളിൽ നടപ്പിലാക്കും.