വടകര: വടകരയിൽ വനിതകൾക്കായുള്ള ഷീ ലോഡ്‌ജും വയോജനങ്ങൾക്കായുള്ള പകൽവീടും മന്ത്രി ടി.പി. രാമകൃഷ്ണൻ നാടിന് സമർപ്പിച്ചു.
ഷീ ലോഡ്‌ജ് സംരംഭം കേരളത്തിലുടനീളം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പ്രായമായവരെ സംരക്ഷിക്കുകയും അവരെ ഒന്നിച്ചു നിർത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. പകൽവീട് ആ ദിശയിലുള്ള സംരംഭമാണ്.
രണ്ടു പേർക്ക് വീതം താമസിക്കാവുന്ന ആറ് മുറികളും ഒരാൾക്ക് താമസിക്കാവുന്ന രണ്ട് മുറികളും ഒമ്പത് പേർക്ക് താമസിക്കാവുന്ന ഡോർമെറ്ററിയുമുണ്ട് ഷീ ലോഡ്‌ജിൽ. എയർകണ്ടീഷൻഡ് സൗകര്യങ്ങളുള്ള രണ്ട് മുറികളുണ്ട്. 22 സ്ത്രീകൾക്ക് ഇവിടെ താമസിക്കാം. 53 ലക്ഷം രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പണി പൂർത്തിയാക്കിയത് .
വയോജനങ്ങൾക്കായുള്ള പകൽ വീട്ടിൽ 12 പേർക്ക് താമസിക്കാം. 38 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. പുതിയാപ്പിൽ പകൽവീട്ടിൽ ഒരുക്കിയ ചടങ്ങിൽ സി.കെ.നാണു എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ചെയർമാൻ കെ.ശ്രീധരൻ സ്വാഗതം പറഞ്ഞു. വൈസ് ചെയർ പേഴ്‌സൺ കെ.പി.ബിന്ദു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.അരവിന്ദാക്ഷൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സഫിയ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.അശോകൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റീന ജയരാജൻ ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ഗോപാലൻ എന്നിവർ സംബന്ധിച്ചു.