സുൽത്താൻ ബത്തേരി: മതനിരപേക്ഷ സന്ദേശങ്ങൾ സമൂഹത്തിനായി പങ്കുവെച്ച് നായ്‌ക്കെട്ടി -മാതമംഗലം റോഡിൽ ഗ്രാമ പഞ്ചായത്ത് സെക്യുലർ പാതയ്ക്ക് തുടക്കംകുറിച്ചു. മതനിരപേക്ഷതയും ഭരണഘടന മൂല്യങ്ങളും ഉൾകൊള്ളുന്ന ബോർഡുകളാണ് പാതയ്ക്കിരുവശവും. ബി പ്രൗഡ്, ബി സെക്യുലർ, സെക്യുലർ സ്ട്രീറ്റിലേക്ക് സ്വാഗതം എന്ന് റോഡിനിരുവശവും സ്ഥാപിച്ചാണ് പാതയിലേക്ക് ആളുകളെ സ്വാഗതം ചെയ്യുന്നത്.
മഹാകവി അക്കിത്തത്തിന്റെ ഒരു കണ്ണീർകണം ഞാൻ മറ്റുള്ളവർക്കായയി പൊഴിക്കവെ ഉദിക്കയാണെൻ ആത്മാവിൽ ആയിരം സൗരമണ്ഡലം എന്ന വരികളടക്കം കവികളുടെയും നവോത്ഥാന നായകരുടെയും സാഹിതക്യകാരന്മാരുടെയും ഉദ്ധരണികളും വരികളുമടങ്ങിയ ഏഴ് ബോർഡുകളാണ് സെക്യുലർ സ്ട്രീറ്റ് എന്ന് പേരിട്ട പാതയ്ക്കിരുവശവും സ്ഥാപിച്ചിരിക്കുന്നത്. മതേതരത്വവും ഭരണഘടനമൂല്യങ്ങളും ചോദ്യം ചെയ്യപ്പെടുന്ന വർത്തമാന കാലഘട്ടത്തിൽ എന്താണ് മതനിരപേക്ഷത, എന്താണ് ഭരണഘടന മൂല്യങ്ങൾ എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയാണ് ഇത്തരത്തിലൊരു പരിപാടി നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ശോഭൻകുമാർ പറഞ്ഞു. പഞ്ചായത്തിന്റെ ഓൺ ഫണ്ടിൽ നിന്നും തുക വകയിരുത്തിയാണ് ബോർഡ് സ്ഥാപിച്ചത്. കൂടാതെ റോഡിനിരുവശവും പൂമരതൈകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.