സുൽത്താൻ ബത്തേരി: മൈക്രോ ആർട്ടിൽ താരമായി ഗായത്രി കൃഷ്ണ. യാതൊരു പരിശീലനവുമില്ലാതെയാണ് ഈ പ്ലസ് ടു വിദ്യാർഥിനി ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് വരെ എത്തിനിൽക്കുന്നത്.
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് കൗതുകം തോന്നി പെൻസിൽ കലാസൃഷ്ടി തുടങ്ങിയത്.
മിനിറ്റുകൾ കൊണ്ട് പെൻസിലിന്റെ മുനയിൽ സൃഷ്ടികൾ തീർക്കാൻ ഇന്നീ മിടുക്കിക്ക് കഴിയും. ഇന്ത്യയിൽ അത്ര പ്രചാരത്തിലുള്ള കലാരീതിയല്ലാത്ത മൈക്രോ ആർട്ട് പരിശീലകന്റെ സഹായമില്ലാതെ സ്വയം പ്രയത്നം കൊണ്ടാണ് ഗായത്രി വശത്താക്കിയത്. പൂർത്തിയായ ശിൽപ്പങ്ങൾ ശ്രദ്ധാപൂർവ്വം ചെറിയ ചില്ലു കുപ്പികളിൽ സൂക്ഷിക്കുന്നു.
കലാസൃഷ്ടികളുടെ വലുപ്പവും സമയവും അനുസരിച്ച് 450 മുതൽ വില ലഭിക്കുന്നുണ്ട്.
ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് പരിഗണിച്ച ആർട്ടിൽ 16 മണിക്കൂർ കൊണ്ട് 109 സൃഷ്ടികളാണ് ഗായത്രി ഒരുക്കിയത്. ഒരു പെൻസിൽ ചെയ്യാൻ എടുത്തത് വെറും നാലു മിനിറ്റ് മുതൽ 45 മിനിറ്റ് വരെ.
മീനങ്ങാടി ഗവൺമെന്റ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ ഗായത്രി ബത്തേരി ഫയർലാൻഡ് കോളനിയിലെ മണിയുടെയും സുധയുടെയും മകളാണ്. ദേവിക, ഗോപിക എന്നിവർ സഹോദരികൾ.