കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ബി.ജെ.പി കൗൺസിലർമാർ സപ്തദിന സത്യഗ്രഹം ആരംഭിച്ചു. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടക്കുന്ന സത്യഗ്രഹം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയതു. നഗര ഭരണത്തെ മറയാക്കി കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടത്തിയതെന്ന് എം.ടി രമേശ് പറഞ്ഞു. കോർപ്പറേഷൻ ഭരണത്തെ മാർകിസ്റ്റ് പാർട്ടി കറവ പശുവാക്കിയിരിക്കുന്നു. അഞ്ച് വർഷത്തെ കരാറുകൾ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കണം. കോർപ്പറേഷനിലെ സി.പി.എമ്മിന്റെ എല്ലാ ഇടപാടുകളിലും പ്രതിപക്ഷമായ കോൺഗ്രസ് പങ്കു കച്ചവടക്കാരാണ്.കോർപ്പറേഷന്റെ അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്താൻ ബി.ജെ.പി കൗൺസിലർമാർ നിവേദനം നൽകുമെന്നും എം.ടി രമേശ് പറഞ്ഞു. ഉത്തര മേഖലാ ജനറൽ സെക്രട്ടറി പി.ജിജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ സജീവൻ, ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ സംസ്ഥാന കൗൺസിൽ അംഗം പി.എം.ശ്യാമപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ.സുധീർ, ബി.കെ.പ്രേമൻ, ജില്ലാ ട്രഷറർ വി.കെ.ജയൻ എന്നിവർ പ്രസംഗിച്ചു. സൗത്ത് നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.വിജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. ബി.ജെ.പി കൗൺസിലർമാരായ നമ്പിടി നാരായണൻ, എൻ.സതീഷ് കുമാർ, ഇ.പ്രശാന്ത് കുമാർ, നവ്യ ഹരിദാസ്, പൊന്നത്ത് ഷൈമ, ജിഷ ഗിരീഷ് എന്നിവരാണ് സത്യഗ്രഹം ഇരിക്കുന്നത്.