# കോഴിക്കോട് - കൽപ്പറ്റ യാത്രയ്ക്ക് തുടക്കമായി
കോഴിക്കോട് : കെ.എസ്.ആർ.ടി.സിയുടെ കോഴിക്കോട് -കൽപ്പറ്റ സിവിൽ ബോണ്ട് സർവീസിന് തുടക്കമായി. ജില്ലയിലെ ആറാമത്തെ ഷെഡ്യൂൾ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൊവിഡ് കാലത്ത് ജനങ്ങളെ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ പ്രതിബദ്ധതയാണെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികൾ, തൊഴിൽ ശാലകൾ, നിത്യോപയോഗ സാധന ചന്തകൾ, ഓഫീസുകൾ എന്നിവിടങ്ങളിലെത്താൻ പൊതുഗതാഗതം അനിവാര്യമായ സാഹചര്യത്തിൽ ബോണ്ടിന്റെ പ്രസക്തിയേറുകയാണ്. സുരക്ഷിത യാത്ര ഉറപ്പു വരുത്താൻ ബോണ്ട് സർവീസിന് സാധ്യമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്ഥിരം യാത്ര ചെയ്യേണ്ടിവരുന്ന സർക്കാർ, ബാങ്ക്, മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഈ സർവീസ് പ്രയോജനപ്പെടുത്താം.
ബോണ്ട് യാത്രക്കാർക്ക് മാത്രമായി നിത്യവും അണുവിമുക്തമാക്കിയ പ്രത്യേക ബസ്, സീറ്റ് ഉറപ്പായിരിക്കും. യാത്രക്കാർക്ക് പ്രത്യേക സാമൂഹിക ഇൻഷുറൻസ് പരിരക്ഷയും ഉണ്ട്. ബോണ്ട് സർവീസിൽ യാത്രക്കാർക്കായി പ്രത്യേകം ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ സംവിധാനവുമുണ്ട്. യാത്ര തുടങ്ങുന്ന ബസ് സ്റ്റേഷനുകളിൽ സ്വന്തം വാഹനങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് 10 രൂപ ഫീസ് നൽകി വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. 5,10,15, 20, 25 ദിവസങ്ങളിലേക്കുള്ള യാത്രകൾക്കായി പണം മുൻകൂർ നൽകി ബോണ്ട് ട്രാവൽ കാർഡുകൾ വാങ്ങാം. വടക്കൻ മേഖല എക്‌സിക്യൂട്ടീവ് ഡയറക്ടർ സി.വി. രാജേന്ദ്രൻ, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ജോഷി ജോൺ, ജീവനക്കാർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.