പുൽപള്ളി: പുൽപ്പള്ളിയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികൾ തുടക്കംകുറിച്ചു. ഇടതുമുന്നണിയാണ് ഇക്കാര്യത്തിൽ മുന്നിൽ. പഞ്ചായത്തിലെ 20 വാർഡുകളിലേക്കുമുള്ള സ്ഥാനാർത്ഥികളെ ഇടതുമുന്നണി നിശ്ചയിച്ചുകഴിഞ്ഞു.
ഒന്നോ രണ്ടോ വാർഡുകളിൽ ഒഴികെയുള്ള മുഴുവൻ സ്ഥാനാർത്ഥികളുടെയും പട്ടിക പുറത്തുവന്നതോടെ പാർട്ടി പ്രവർത്തകർ വീടുകൾ കയറിവോട്ട് അഭ്യർത്ഥനയും തുടങ്ങി. ബി.ജെ.പിയും മിക്ക വാർഡുകളിലെയും സ്ഥാനാർത്ഥികളെ തീരുമാനിച്ചു കഴിഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമമായി തീരുമാനമായിട്ടില്ല.
സ്ഥാനാർത്ഥികളായി പലരുടെയും പേരുകൾ ഉയരുന്നത് കോൺഗ്രസിന് സ്ഥാനാർത്ഥി നിർണ്ണയം തലവേദനയായി.
പുൽപ്പള്ളിയിൽ 20 വാർഡുകളാണ് ആകെയുള്ളത്. ഇതിൽ പാലമൂല, ചെറ്റപ്പാലം, കേളക്കവല, കോളറാട്ടുകുന്ന്, മരകാവ്, കുറുവ എന്നീ വാർഡുകളാണ് ജനറൽ സീറ്റുകൾ.
പുൽപ്പള്ളി ടൗണിന്റെ ഒരു ഭാഗം ഉൾപ്പെടുന്ന അത്തിക്കുനി വാർഡ് ലീഗിനാണ് നൽകിയിരിക്കുന്നത്. പട്ടികവർഗ്ഗ വനിത സംവരണ വാർഡാണിത്. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വീടുകൾ കയറിയിറങ്ങിവോട്ട് അഭ്യർത്ഥന തുടങ്ങിയെങ്കിലും ലീഗിന്റെ സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല.
ബ്ലോക് പഞ്ചായത്ത് സീറ്റുകളിലേക്കും എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥികളെ കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. എന്നാൽ യു.ഡി.എഫിൽ നിന്ന് ഈ സീറ്റുകളിലേക്ക് നിരവധി പേരാണ് സ്ഥാനാർത്ഥിത്വവുമായി രംഗത്തുള്ളത്.
ഡോ. പൽപ്പുവിന് സ്മാരകം നിർമ്മിക്കണം
പുൽപ്പള്ളി: എസ്.എൻ.ഡി.പി യോഗം സ്ഥാപക വൈസ് പ്രസിഡന്റായിരുന്ന ഡോ. പൽപ്പുവിന് തിരുവനന്തപുരത്ത് സർക്കാർ ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് ആശ്രമക്കൊല്ലി എസ്.എൻ.ഡി.പി ശാഖായോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മോഹനൻ വാരിശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വൽസലൻ പുതുക്കുടി, വൈസ് പ്രസിഡന്റ് കോരു കോഞ്ചത്ത്, കിഷോർ, ശശി ശിവസൈലം തുടങ്ങിയവർ സംസാരിച്ചു.