
കോഴിക്കോട്: കണ്ണൂരിലെ അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിന് പ്ലസ് ടു കോഴ്സ് അനുവദിക്കാൻ കെ.എം. ഷാജി എം.എൽ.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹത്തിന്റെ കോഴിക്കോട്ടേയും കണ്ണൂരിലേയും വീടുകളുടെ വിശദവിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ കൈമാറി.
കോഴിക്കോട്ടെ വീടിന് 1. 60 കോടിയാണ് കോർപ്പറേഷൻ അധികൃതർ മതിപ്പുവിലയായി കണക്കാക്കിയത്. കണ്ണൂരിലെ വീടിന് ചിറക്കൽ പഞ്ചായത്ത് കണക്കാക്കിയത് 28 ലക്ഷം രൂപയും. രണ്ടു വീടിന്റെയും രേഖകൾ സഹിതമുള്ള റിപ്പോർട്ടാണ് ഇ ഡി യ്ക്ക് സമർപ്പിച്ചത്.
കോഴിക്കോട് മാലൂർകുന്നിലെ വീട് ഷാജിയുടെ ഭാര്യ ആഷയുടെ പേരിലാണ്. 3,200 ചതുരശ്ര അടി വിസ്‌തീർണത്തിൽ നിർമ്മിക്കാനാണ് അനുമതിയെങ്കിലും വീടിന് 5,260 ചതുരശ്ര അടി വിസ്തീർണമുണ്ട്. മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിർമ്മിച്ചതാണെന്നാണ് കണ്ടെത്തൽ. വീട്ടിലെ ഫർണിച്ചർ, മാർബിൾ എന്നിവയുടെ വില തിട്ടപ്പെടുത്തിയിട്ടില്ല. ഇത് കണക്കാക്കാൻ പൊതുമരാമത്ത് വകുപ്പിനെ ഏല്പിക്കാവുന്നതാണെന്നും കോർപ്പറേഷൻ സെക്രട്ടറിയ്ക്ക് വേണ്ടി ടൗൺ പ്ലാനർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
പൂർത്തീകരിച്ച പ്ലാൻ 2016-ൽ നൽകിയെങ്കിലും അനധികൃത നിർമ്മാണം ക്രമവത്കരിക്കാൻ അയച്ച നോട്ടീസിന് മറുപടിയുണ്ടായില്ല. വീട്ടുനമ്പർ നൽകിയിട്ടുമില്ല.
കണ്ണൂരിൽ ചാലാടുള്ള വീട് 2325 ചതുരശ്ര അടി വിസ്തീർണമുള്ളതാണ്. .ഷാജിയ്ക്ക് മറ്റെവിടെയെങ്കിലും ആസ്തിയുണ്ടോയെന്ന അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അഴീക്കോട് സ്‌കൂൾ പി.ടി.എ ഭാരവാഹികളും അഴീക്കോട് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രതിനിധികളും ഇന്നലെ ഇ.ഡി ഓഫീസിൽ മൊഴിയെടുപ്പിനെത്തിയിരുന്നു. എം.എൽ.എ യെ നവംബർ പത്തിന് ചോദ്യം ചെയ്യും.