 
കോഴിക്കോട്: ബേപ്പൂർ തുറമുഖത്തെ ഷിപ്പിംഗ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി 'മിത്ര" മോട്ടോർ ടഗ് റെഡി. ഇടത്തരം കപ്പലുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ടഗ്ഗാണിത്.
കൊല്ലം തുറമുഖത്തും ബേപ്പൂരിലുമായി 3. 26 കോടി രൂപ വീതം ചെലവഴിച്ചാണ് ധ്വനി, മിത്ര എന്നീ ടഗ്ഗുകൾ കമ്മിഷൻ ചെയ്തത്. ഇവയിൽ എല്ലാ ആധുനിക ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
'മിത്ര"യുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗ് വഴി നിർവഹിച്ചു. മോട്ടോർ ടഗ് ഇറങ്ങുന്നതോടെ വ്യവസായ - വാണിജ്യ - ഉത്പാദന മേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യബന്ധന വ്യവസായങ്ങളുടെ വളർച്ചയ്ക്കും തുറമുഖ വികസനം തുണയ്ക്കും.
തുറമുഖ വികസന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ഫിഷറീസ് മന്ത്രി ജെ മേഴ്സി കുട്ടിയമ്മ മുഖ്യപ്രഭാഷണം നടത്തി. പോർട്ട് ഓഫീസർ ക്യാപ്ടൻ അശ്വനി പ്രതാപ്, സീനിയർ പോർട്ട് കൺസൾട്ടന്റ് മനോജ് കുമാർ, ജൂനിയർ സൂപ്രണ്ട് അബ്ദുൽ മനാഫ്, അജിനേഷ് മാടങ്കര, പി. അനിത, അഡ്വ. വി.ജെ മാത്യു തുടങ്ങിയവർ സംസാരിച്ചു.