കൊടിയത്തൂർ: തദ്ദേശ തിരഞ്ഞെടുപ്പ് തീയതി ഇനിയും പ്രഖ്യാപിച്ചില്ലെങ്കിലും ഫ്ളക്സ് ബോർഡിൽ സ്ഥാനാർത്ഥി പ്രത്യക്ഷപ്പെട്ടു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 12 ാം വാർഡ് സ്ഥാനാർത്ഥിയായി രിഹ്‌ല മജീദിന് സ്വാഗതമോതിയുള്ള ബോർഡ് ഇന്നലെ രാവിലെയാണ് ചെറുവാടി അങ്ങാടിയിൽ ഉയർന്നത്. പ്രവാസി കോൺഗ്രസിന്റെ പേരിലാണ് ബോർഡെങ്കിലും ആരാണ് പിന്നിലെന്ന് നാട്ടുകാർക്ക് നന്നായി അറിയാം.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് സീറ്റ് വിഭജന ചർച്ച അന്തിമഘട്ടത്തിലേക്ക് കടന്നിട്ടൊന്നുമില്ല. വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുകൾ നടക്കുന്നതു കാരണം ചില സീറ്റുകൾ വിട്ടുകൊടുക്കാൻ ലീഗ് തയ്യാറായിട്ടുണ്ട്.16ാം വാർഡിന്റെ കാര്യത്തിൽ ധാരണയായെന്നാണ് സൂചന. എന്നാൽ, ഒന്നാം വാർഡ് കൂടി വേണമെന്ന നിലപാടിലാണ് വെൽഫെയർ പാർട്ടി. ഇതിനെതിരെ ഒരു വിഭാഗം ലീഗ് പ്രവർത്തകർ രംഗത്ത് വന്നിട്ടുമുണ്ട്. ഇതിനിടയാണ് ഒരു സ്ഥാനാർത്ഥി ഫ്ളക്സ് ബോർഡുമായി നേരത്തെ വന്നത്.