 
പേരാമ്പ്ര: ചേർമല കോളനിയിൽ നടപ്പാത നിർമ്മിക്കുന്നതിനായി രാജ്യസഭാംഗം സുരേഷ് ഗോപി നൽകിയ 40 ലക്ഷം രൂപ വിനിയോഗിക്കാതെ ബ്ലോക്ക് പഞ്ചായത്ത് രാഷ്ട്രീയ വിരോധം തീർക്കുകയും ചേർമല കോളനിയിലെ അധ:സ്ഥിത വിഭാഗത്തെ അവഗണിക്കുകയുമാണ് ചെയ്യുന്നതെന്ന് ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം എൻ.ഹരിദാസ് പറഞ്ഞു.പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'അവകാശ സമരം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നാല് വർഷമായിട്ടും നിർമ്മാണ പ്രവൃത്തി ആരംഭിക്കാതെ കരാറുകാരനെ പിൻതിരിപ്പിക്കാനുള്ള സമ്മർദ്ദവും ഭരണസമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.
ആദ്യഘട്ടത്തിൽ നടപ്പാത നിർമ്മിക്കാനാവശ്യമായ സ്ഥലമേറ്റെടുക്കുന്നതിലുള്ള സാങ്കേതിക പ്രശ്നമാണ് ഉന്നയിച്ചതെങ്കിൽ ഫണ്ടില്ല എന്ന നുണ പ്രചരണമാണ് ബ്ലോക്ക് പഞ്ചായത്ത് ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ.എം ഷിബി സ്വാഗതം പറഞ്ഞു. പി.കെ ബിജുകൃഷ്ണൻ, രജീഷ് കണ്ടോത്ത്, കെ. വത്സരാജ്, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. വിനു, ഇ.കെ സുബീഷ് എന്നിവർ പ്രസംഗിച്ചു.