വടകര: സംസ്ഥാനത്ത് കായിക മേഖലയുമായി ബന്ധപ്പെട്ട മുഴുവൻ നിർമ്മാണ പ്രവൃത്തികളും അടുത്ത ഫെബ്രുവരിയിൽ പൂർത്തിയാക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.

വടകര നാരായണ നഗരത്ത് ആരംഭിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

1000 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് കായിക വകുപ്പ് കിഫ്ബി മുഖേന നടത്തുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. വടകരയിൽ കളരി അക്കാഡമി സ്ഥാപിക്കാൻ കഴിഞ്ഞ ബജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ടെന്നും അതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

പുത്തൂർ വി.എച്ച്.എസ്‌.സി സ്‌കൂളിലെ വോളിബാൾ കോർട്ടിന് 15 ലക്ഷം രൂപയാണ് അനുവദിച്ചത്. 440 കായിക താരങ്ങൾക്ക് സ്‌പോർട്‌സ് ക്വാട്ടയിൽ ജോലി നൽകി. ഒളിമ്പിക് ജേതാവായ മാനുവൽഫെഡറിക്കിന് 42 ലക്ഷം രൂപയുടെയും സന്തോഷ് ട്രോഫി ജേതാവ് കെ.വി.രാഹുലിന് 15 ലക്ഷത്തിന്റെയും കായികതാരം ആര്യശ്രീക്ക് 10 ലക്ഷത്തിന്റേയും വീട് വെച്ച് നൽകി. പ്ലേ ഫോർ ഹെൽത്തിനായി 25 വിദ്യാലയങ്ങളാണ് തെരഞ്ഞെടുത്തത്. വടകരയിൽ നിർമ്മിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ പണി ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും

കായിക രംഗത്ത് കഴിഞ്ഞ നാലരവർഷം കൊണ്ട് സമാനതകളില്ലാത്ത മാറ്റങ്ങളും വികസനവുമാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സി.കെ.നാണു എം.എൽ.എ അദ്ധ്യക്ഷത വഹിക്കുകയും ശിലാഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. മുൻസിപ്പൽ ചെയർമാൻ കെ. ശ്രീധരൻ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ എം.ബിജു പങ്കെടുത്തു