വടകര: ഏറാമലപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചോളം ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കാൻ നടപടി തുടങ്ങി. ഓർക്കാട്ടേരി ടൗണിൽ 3 എണ്ണവും തുരുത്തി മുക്ക്, പുത്തലത്ത് പൊയിൽ എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ്‌ ലൈറ്റുകൾ നിർമ്മിക്കുന്നത്. സി. കെ നാണു എം.എൽ.എ യുടെ വികസന ഫണ്ടും രാജ്യ സഭാംഗം ബിനോയ് വിശ്വം അനുവദിച്ച എം.പി ഫണ്ടും ഉപയോഗിച്ചാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.

ഓർക്കാട്ടേരി മാർക്കറ്റിന് സമീപം മെയിൻ റോഡിലും, ഏറാമല - കുന്നുമ്മക്കര റോഡ് ജംഗ്ഷനിൽ ശിവക്ഷേത്രത്തിനു മുന്നിലായും വിളക്ക് സ്ഥാപിക്കാൻ വേണ്ടിയുള്ള പ്രവർത്തികൾ തുടങ്ങി.

കാർത്തികപ്പള്ളി റോഡിനോട് ചേർന്നുള്ള ലൈറ്റ് റോഡ്‌പണി പുരോഗമിക്കുന്നതിനൊപ്പം പ്രാവർത്തികമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്കരൻ അറിയിച്ചു. പുത്തലത്ത് പൊയിൽ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ ആവശ്യകത മനസിലാക്കി പ്രൊപ്പോസൽ നല്കി. ഇതോടെ പഞ്ചായത്തിലെ ഒൻപത് ടൗൺ കേന്ദ്രങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകൾ വെളിച്ചം നല്കും.