കോഴിക്കോട്: ഭരണഘടനാവിരുദ്ധമായ സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനത്തിനെതിരെ എസ്.എൻ.ഡി.പി യോഗം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഡോക്ടർ പൽപ്പുവിന്റെ ജന്മദിനമായ നവംബർ രണ്ടിന് എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ കേന്ദ്രങ്ങളിലും മേഖലാ കേന്ദ്രങ്ങളിലും അവകാശ ദിനമായി ആചരിക്കും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യൂണിയൻ ഭാരവാഹികൾ സംവരണ സംരക്ഷണ പ്രതിജ്ഞയെടുക്കും. കോഴിക്കോട് കിഡ്‌സൺ കോർണറിൽ നടക്കുന്ന പരിപാടി രാവിലെ 11 മണിക്ക് ആരംഭിക്കും. ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തീരുമാനത്തിനെതിരെ എസ്.എൻ.ഡി.പിയോഗം ഉൾപ്പെടെയുള്ള സംഘടനകൾ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ തിരക്കിട്ടു നടപ്പാക്കുവാനുള്ള ശ്രമം അപലപനീയമാണെന്ന് എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളവും സെക്രട്ടറി സുധീഷ് കേശവപുരിയും പറഞ്ഞു.