 
പുൽപ്പള്ളി: കുടിവെള്ളത്തിനായി കഷ്ടപ്പെടുകയാണ് ചീയമ്പം 73 കാട്ടുനായ്ക്ക കോളനിവാസികൾ. ഇവിടെ കുടിവെള്ള പദ്ധതി ഉണ്ടെങ്കിലും വെള്ളം ലഭിക്കാത്തതിനാൽ വിലകൊടുത്താണ് കോളനിവാസികൾ വെള്ളം വാങ്ങുന്നത്. ഏഴ് വർഷം മുമ്പ് പി വി ടി ജി പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ള പദ്ധതി നിർമ്മിച്ചെങ്കിലും ഇതിന്റെ ഗുണം ഇവർക്ക് ലഭിക്കുന്നില്ല.
170- ഓളം കുടുംബങ്ങൾക്ക് വെള്ളമെത്തിക്കാനായി ആരംഭിച്ച പദ്ധതിയാണ് നോക്കുകുത്തിയായി മാറിയത്. ടാങ്കും മോട്ടോർ പുരയും എല്ലാ വീടുകൾക്ക് മുന്നിലും ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിക്കായി നിർമ്മിച്ച കുളത്തിൽ ആവശ്യത്തിന് വെള്ളം ഇല്ലാത്തതാണ് പദ്ധതി മുടങ്ങാൻ കാരണം.
ഭൂനിരപ്പിൽ നിന്ന് മുകളിലേക്ക് റിങ്ങുകൾ കെട്ടി ഉയർത്തി അതിന്റെ കൂടി കണക്കെടുത്താണ് കുളത്തിന്റെ ആഴം കണക്കാക്കിയത്. കുളം താഴ്ത്തിയാൽ മാത്രമെ ആവശ്യത്തിന് വെള്ളം ലഭിക്കുകയുള്ളു. കോളനിവാസികൾ വെള്ളം ലഭിക്കുന്നതിനായി പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു തീരുമാനവും ഉണ്ടായില്ല.
കുടിവെള്ള പദ്ധതിയിൽ നിന്ന് വെള്ളം കിട്ടാതായതോടെ കോളനിവാസികൾ കറണ്ട് ബില്ല് അടക്കാതായി. ഇതേത്തുടർന്ന് കെ.എസ്.ഇ.ബി പദ്ധതിയുടെ ഫ്യൂസ് ഊരി.ഒന്നരകോടി രൂപ ചെലവിൽ നടപ്പാക്കിയ പദ്ധതി ഉപയോഗപ്പെടുത്താൻ അധികൃതരിൽ നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് കോളനിവാസികളുടെ പരാതി.