കൃഷിയിൽ ജീവിതം കരുപ്പിടിപ്പിച്ച രാഷ്ട്രീയ നേതാവാണ് കെ.കെ.അബ്രഹാം. വയനാട്ടിലെ കുടിയേറ്റ ഭൂമിയായ പുൽപ്പളളിയിൽ കുട്ടികൾക്കു പോലും കെ.കെ. എന്നുപറഞ്ഞാൽ കൃഷിയെയും കോൺഗ്രസിനെയും ഒരുപോലെ സ്നേഹിച്ച കെ.കെ. അബ്രഹാമാണ്. കറുത്ത പൊന്നിന്റെ നാടായ പുൽപ്പളളിയിൽ നിന്ന് രാഷ്ടീയത്തിൽ ചുവടുറപ്പിച്ച കെ.കെ.അബ്രഹാം ഇന്ന് കെ.കെ. എന്ന രണ്ടരക്ഷത്തിൽ സംസ്ഥാനത്ത് അറിയപ്പെടുന്ന ജനനേതാവാണ്. പല പ്രതിസന്ധി ഘട്ടങ്ങളിലും പ്രസ്ഥാനത്തോടൊപ്പം നിന്നു. ആദർശം കാത്തുസൂക്ഷിച്ചു. പുൽപ്പളളിയിലെ കറുത്ത മണ്ണിൽ കാർഷിക സംസ്ക്കാരത്തിന് വിത്ത് പാകിയവരിൽ കെ.കെയുമുണ്ട്. കെ.പി.സി.സി സെക്രട്ടറിയായി തുടർച്ചയായ ഏഴാം വർഷവും തുടരുന്ന ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലെല്ലാം ഒരു കർഷകന്റെ കൈയൊപ്പുണ്ടാകും. കാർഷികരംഗം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ ഒന്നിക്കണമെന്നാണ് കർഷകനായ രാഷ്ട്രീയക്കാരന്റെ പക്ഷം, തേച്ചുമിനുക്കിയ ഖദർ വസ്ത്രത്തിന്റെ തെളിമയിൽ തലയെടുപ്പോടെ നിറപുഞ്ചിരിയുമായി കെ.കെ. അബ്രഹാം എന്നും ജനങ്ങൾക്കൊപ്പമുണ്ട്.
@ മണ്ണിനെ പൊന്നാക്കാൻ ചുരം കയറിയെത്തിയവർ
തിരുവിതാംകൂറിൽ നിന്നും മറ്റും വയനാട്ടിലെ ഫലഭൂയിഷ്ടമായ മണ്ണുതേടി നിരവധി കർഷകരാണ് ചുരം കയറിയെത്തിയത്. 1940 മുതൽ 1970 വരെയായി നാല് ഘട്ടങ്ങളിലായാണ് കുടിയേറ്റ ജനത വയനാട്ടിലേക്ക് വരുന്നത്. 1961ൽ അബ്രഹാമിന് 90 ദിവസം പ്രായമുള്ളപ്പോഴാണ് കുടുംബം വയനാട്ടിലേക്ക് കുടിയേറിയത്. കർത്തൻ നെല്ലും, കപ്പ കൃഷിയും, പുൽതൈലം വാറ്റിയുമായിരുന്നു ഇവിടെയുള്ളവരുടെ ജീവിതം.
@ വിദ്യാഭ്യാസം
പുൽപ്പള്ളി വിജയ സ്കൂളിലായിരുന്നു പത്ത് വരെ പഠനം. പ്രീഡിഗ്രി സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ. ഡിഗ്രി കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ . പാരമ്പര്യമായി കോൺഗ്രസ് കുടുംബമായിരുന്നതിനാൽ പ്രീഡിഗ്രി പഠന കാലത്ത് തന്നെ കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് കടന്നു. ഡിഗ്രി പഠന സമയത്ത് സർവകലാശാല യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചു.
@ രാഷ്ട്രീയത്തിൽ സജീവമാകുന്നു
കെ.എസ്.യുവിലൂടെ സജീവ രാഷ്ട്രീയത്തിൽ കടന്ന കെ.കെ .അബ്രഹാം സർവകലാശാല യൂണിയൻ കൗൺസിലറായതോടെ പാർട്ടി നേതാക്കളുമായി കൂടുതൽ അടുത്തു. വി.ഡി.ജോസഫ് കെ.എസ്.യുവിന്റെ സംസ്ഥാന സെക്രട്ടറിയായതോടെ കെ.കെയെ സജീവ രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നതിൽ നിർണായക സ്വധീനം ചെലുത്തുകയുണ്ടായി. ഈ കാലയളവിൽ വി.ഡി.ജോസഫുമായുണ്ടായ ആത്മബന്ധം കൂടുതൽ നേതാക്കളുമായി ബന്ധം സ്ഥാപിക്കാനും പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജ്ജീവമാകാനും വഴിയൊരുങ്ങി. പഠനകാലയളവിൽ തന്നെ രമേശ് ചെന്നിത്തല, ജി.കാർത്തികേയൻ , കെ.സി.വേണുഗോപാൽ, കെ.മുരളിധരൻ, ജോസഫ് വാഴക്കൻ എൻ. സുബ്രഹ്മണ്യൻ തുടങ്ങിയവരുമായി അടുത്ത ബന്ധമായിരുന്നു.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുന്ന കാലത്താണ് പുൽപ്പള്ളി വെടിവെയ്പ്പ് നടക്കുന്നത്. സംഭവം അറിഞ്ഞയുടനെ കോളേജിൽ നിന്ന് പുൽപ്പള്ളിയിലേക്ക് വന്നു. പുൽപ്പളളിയിൽ എത്തിയപ്പോഴാണ് സുഹൃത്തുക്കളിൽ പലരും ജയിലിലും പൊലീസ് സ്റ്റേഷനുകളിലുമായി കഴിയുന്ന വിവരം അറിയുന്നത്. അവർക്ക് ഭക്ഷണമുൾപ്പെടെ ചെയ്തുകൊടുത്തു കൊണ്ടായിരുന്നു സമരത്തിന്റെ പേരിൽ പൊലീസ് മർദ്ദനമേറ്റവരെ സഹായിച്ചത്.
വയനാട്ടിലെ കർഷകരുടെ ആവശ്യങ്ങൾക്കുവേണ്ടി മാമ്പള്ളി അച്ഛൻ നടത്തിയ സമരത്തിന് പിന്തുണയുമായി സമരമുഖത്ത് എത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നപ്പോഴാണ് റെയിൽവേയ്ക്ക് വേണ്ടിയുളള സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചത്. റെയിൽവേ മന്ത്രിയ്ക്ക് ആയിരം കത്തുകൾ അയച്ചായിരുന്നു സമരത്തിന്റെ തുടക്കം. ലീഡർ കെ.കരുണാകരൻ മുഖേന പ്രധാനമന്ത്രിയ്ക്ക് നിവേദനവും നൽകിയിരുന്നു. പിന്നീട് പാർട്ടി ഏറ്റെടുത്ത സമരങ്ങളുടെയെല്ലാം ജില്ലയിലെ മുന്നണി പോരാളിയായിരുന്നു.
@ സ്ഥാനങ്ങൾ
കെ.എസ്.യു വയനാട് ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, ഡി.സി.സി ജില്ലാ സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി. യു.ഡി.എഫ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം ചെയർമാൻ , പ്രഥമ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ലാൻഡ് ബോർഡ് മെമ്പർ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായിരുന്നു.
@ ഗോഡ്ഫാദർ ഇല്ലാതെ നേതാവായി
രാഷ്ട്രീയത്തിൽ നിരവധി സ്ഥാനമാനങ്ങൾക്ക് കെ.കെ അർഹനായിരുന്നെങ്കിലും ഗോഡ്ഫാദറില്ലാത്തതിനാൽ അവസരങ്ങൾ പലതും കൈവിട്ടുപോയിട്ടുണ്ട്. പലതും ചുണ്ടിനും കപ്പിനും ഇടയിലാണ് നഷ്ടമായത്. മറ്റുള്ളവർ തനിക്ക് അർഹതപ്പെട്ടത് തട്ടിയെടുത്ത് കൊണ്ടുപോകുമ്പോഴും അർഹതപ്പെട്ടത് എന്നെങ്കിലും തന്നെ തേടി വരുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു എന്നും കെ.കെ.