
കോഴിക്കോട്: അശരണരുടെ തണലായ പാലിയേറ്രീവ് കെയറുകൾ കൊവിഡ് വ്യാപനത്തോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ആശുപത്രികളിൽ കിടത്തി ചികിത്സ കുറച്ചതോടെ പാലിയേറ്റീവ് കെയറുകളുടെ സേവനം ഇരട്ടിയായതാണ് സാമ്പത്തിക ബാധ്യത കൂട്ടിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ആശുപത്രികളിൽ പോകാൻ കഴിയാത്ത രോഗികളും പാലിയേറ്റീവ് കെയറിനെ ആശ്രയിക്കുകയാണ്. പല ക്ലിനിക്കുകൾക്ക് കീഴിലും വോളണ്ടിയർമാർക്ക് 200 മുതൽ 300 രോഗികളെയാണ് പരിചരിക്കേണ്ടിവരുന്നത്. ശരാശരി ഒരു ക്ലിനിക്കിന് 30,000 രൂപ മുതൽ 50,000 രൂപ വരെയാണ് ദിവസചെലവ്. എന്നാൽ വിവിധ മേഖലയിൽ നിന്നുള്ള സഹായം കുറഞ്ഞതോടെ പല ക്ലിനിക്കുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. പാലിയേറ്റീവ് കെയറുകൾക്ക് പ്രധാനമായും ഫണ്ട് ലഭിച്ചിരുന്നത് പ്രവാസികളിൽ നിന്നായിരുന്നു. കൊവിഡ് വ്യാപനത്തോടെ പ്രവാസികൾ പലരും നാട്ടിലേക്ക് വന്നതും ഭൂരിഭാഗം പേർക്കും ജോലി നഷ്ടമായതും വലിയ തിരിച്ചടിയായി.
രോഗികളുടെ അവസ്ഥയനുസരിച്ച് വീടുകളിലേക്ക് വീൽചെയർ, കട്ടിൽ, എയർ ബെഡ്, വാട്ടർ ബെഡ്, ഓക്‌സിജൻ സിലിണ്ടർ,വീൽചെയർ,മരുന്ന് തുടങ്ങിയവയെല്ലാം സൗജന്യമായാണ് നൽകുന്നത്. ഡയാലിസിസ് ചെയ്യുന്നവർക്ക് ഡയലൈസറും പ്രതിമാസം 2000 രൂപയും നൽകുന്നു.
കോഴിക്കോട് ഇനീഷ്യേറ്റിവ് ഇൻ പാലിയേറ്രീവ് കെയറിന് കീഴിൽ 70 പാലിയേറ്റീവ് ക്ലിനിക്കുകളാണ് ഉള്ളത്. ഇതിൽ 15 ഡോക്ടർമാരും 110 നഴ്‌സുമാരും പ്രവർത്തിക്കുന്നു. ഒരു ക്ലിനിക്കിൽ 2030 വരെ വോളണ്ടിയർമാരും ഡ്രൈവർമാരുമുണ്ട്. ചില ക്ലിനിക്കുകൾക്ക് കീഴിൽ നാലോ അഞ്ചോ ഹോം കെയർ യൂനിറ്റുകളാണുള്ളത്. അർബുദ ബാധിതർ, കിടപ്പിലായവർ, വൃക്കപ്രമേഹഹൃദ്രോഗികൾ, ശ്വാസതടസ പ്രശ്‌നങ്ങളുള്ളവർ, പരിചരിക്കാനാളില്ലാത്തവർ തുടങ്ങി എത്രയോ അശരണർക്കാണ് പാലിയേറ്റിവ് കെയറുകൾ അത്താണിയാവുന്നത്. എന്നാൽ കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിൽ പല പാലിയേറ്റീവ് കെയർ യൂണിറ്റുകളും അടച്ചുപൂട്ടേണ്ടി വരും.
''മരുന്നുമായി വീട്ടിലെത്തുമ്പോഴാണ് അവിടെയുള്ളവർ ഭക്ഷണം കഴിക്കാത്ത കാര്യം അറിയുന്നത്. അത്തരം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യവും പച്ചക്കറിയും പലവ്യഞ്ജനങ്ങളും നൽകുന്നു. സൗജന്യ സേവനത്തിന് തയ്യാറുള്ളവരെയാണ് വോളണ്ടിയർമാരായി എടുക്കുന്നത്. എന്നാൽ പുതുതലമുറയിലെ പലരും ഈ രംഗത്തേക്ക് വരാൻ മടിക്കുകയാണ് ''
മധുസൂദനൻ, ജില്ലാ ജനറൽ സെക്രട്ടറി, പാലിയേറ്റീവ് കെയർ.