subway

കോഴിക്കോട്: വർഷങ്ങളായി നോക്കുകുത്തി കണക്കെ മാറിപ്പോയ പാളയത്തെ സബ്‌ വേ വീണ്ടും തുറക്കും. അറ്റകുറ്റപ്പപണികൾ തീർത്ത് സബ് വേ പരിപാലിക്കുന്നതിന് കോർപ്പറേഷൻ സ്വകാര്യ സ്ഥാപനമായ മാക് സോൾ ആഡ് സൊല്യൂഷൻസിനെ ഏല്പിക്കും. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
കോർപ്പറേഷന് സാമ്പത്തികനേട്ടം ഉറപ്പാക്കുന്ന തരത്തിലാണ് പത്തു വർഷത്തേക്കുള്ള കരാർ. ആദ്യത്തെ മൂന്ന് വർഷം 1.10 ലക്ഷം രൂപയും അതിനു ശേഷം ഓരോ വർഷവും 1.6 ലക്ഷം രൂപയും കോർപ്പറേഷന് ലഭിക്കും.

ശുചീകരണമുൾപ്പെടെയുള്ള ചുമതലയുണ്ട് സ്വകാര്യ സ്ഥാപനത്തിന്. സബ് വേയിൽ നാലു മുതൽ ആറു വരെ ചെറിയ കടകൾ തുറക്കാം. സബ് വേയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ടവറുകളിൽ പരസ്യബോർഡുകൾ അനുവദിക്കും.

കൗൺസിലർമാർക്ക് കൊവിഡ് ചികിത്സാധനസഹായം നൽകണമെന്ന് കോർപ്പറേഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേയറാണ് പ്രമേയം അവതരിപ്പിച്ചത്. എസ്.വി.മുഹമ്മദ് ഷമീൽ, പി.ഉഷാദേവി, ബിജുലാൽ എന്നിവർ വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.

 കോതി അറവുശാല:

എം.ഒ.യു വൈകില്ല

കോതിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആധുനിക അറവുശാല നിർമിക്കുന്നതിനെതിരെ യു.ഡി.എഫ് രംഗത്തെത്തി. പദ്ധതി പുനരാലോചിക്കണമെന്ന് പ്രതിപക്ഷ ഉപ നേതാവ് സി.അബ്ദുറഹ്‌മാൻ ആവശ്യപ്പെട്ടു. എന്നാൽ, കിഫ്ബി അംഗീകാരം ലഭിച്ച പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെയ്ക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു.

 മഹിളാമാൾ റിപ്പോട്ട്

കൗൺസിലിൽ

പ്രതിസന്ധിയിലായ മഹിളാമാളിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ട് കൗൺസിൽ യോഗത്തിൽ വെച്ചു. നിലവിൽ മാൾ നടത്തുന്ന കുടുംബശ്രീ യൂണിറ്റി ഗ്രൂപ്പിന് നടത്തിപ്പിൽ വേണ്ടത്ര വൈദഗ്ധ്യമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പരിചയസമ്പന്നനായ ഒരാളെ നിയമിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. മാളിന്റെ മാസവാടക 13 ലക്ഷത്തിൽ നിന്ന് എട്ട് ലക്ഷമാക്കി കുറയ്ക്കാൻ കെട്ടിട ഉടമ സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കരാറായിട്ടില്ല.

 പാർക്കിംഗ് പ്ലാസ

2 വർഷത്തിനകം

സ്റ്റേഡിയം, കിഡ്‌സൺ കോർണർ എന്നിവടങ്ങളിൽ പാർക്കിംഗ് പ്ലാസ നിർമ്മാണം നോവൽ ബ്രിഡ്‌ജസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കും. 162 കോടിയാണ് മുതൽമുടക്ക്. കിഡ്‌സൺ കോർണറിൽ 320 കാറുകളും 180 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാനാവും. സ്റ്റേഡിയത്തിൽ 640 കാറുകൾക്കും 800 ഇരുചക്രവാഹനങ്ങൾക്കും പാർക്കിംഗ് സൗകര്യമുണ്ടാവും. ഓട്ടോമാറ്റിക്‌ റോബോട്ടിക് സംവിധാനത്തോടെയായിരിക്കും പ്ലാസ.
കമ്പനി വർഷം തോറും ഒരു കോടി രൂപ കോർപ്പറേഷന് നൽകും. 30 വർഷത്തേക്കാണ് കരാർ. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും.

എന്നാൽ, ഈ കമ്പനിയ്ക്ക് വേണ്ടത്ര പ്രവൃത്തിപരിചയമില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.