മാനന്തവാടി: മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിനെ എതിർക്കുകയും അതേസമയം ന്യൂനപക്ഷങ്ങൾക്കുള്ള അവകാശങ്ങളുടെ 80 ശതമാനവും ഒരു സമുദായം മാത്രം സ്വന്തമാക്കുന്നതിനെക്കുറിച്ച് നിശബ്ദത പാലിക്കുകയും ചെയ്യുന്ന നിലപാട് മുസ്ലീംലീഗ് അവസാനിപ്പിക്കണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത അടിയന്തിര സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ന്യൂനപക്ഷത്തിൽ ഭൂരിപക്ഷം നിൽക്കുന്നവർ മറ്റുള്ളവർക്കു കൂടി അവകാശപ്പെട്ട ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് അംഗീകരിക്കാനാവില്ല. മതസ്പർദ്ധ ഉണ്ടാകുന്ന വിധത്തിലുള്ള പ്രസ്താവനകളിൽ കെ.സി.വൈ.എം. പ്രതിഷേധിച്ചു. ഒരു സമുദായത്തിന് വേണ്ടി മാത്രം നിലപാടുകളെടുക്കുകയും മറ്റ് സമുദായങ്ങളെ അവഹേളിക്കുകയും അവരുടെ അവകാശങ്ങളെ താഴ്ത്തിക്കെട്ടുകയും ചെയ്യുന്നത് ഒഴിവാക്കണം. കെ.സി.വൈ.എം. രൂപത പ്രസിഡന്റ് ബിബിൻ ചെമ്പക്കര, രൂപത ഡയറക്ടർ അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, വൈസ് പ്രസിഡന്റ് റ്റെസിൻ വയലിൽ, ജനറൽ സെക്രട്ടറി റോസ്‌മേരി തേറുകാട്ടിൽ, ആനിമേറ്റർ സിസ്റ്റർ സാലി, സെക്രട്ടറിമാരായ ജിയോ മച്ചുകുഴിയിൽ,മേബിൾ പുള്ളോലിക്കൽ, ട്രഷറർ ടിബിൻ പാറക്കൽ, കോ ഓഡിനേറ്റർ ഡെറിൻ കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു.