കോഴിക്കോട്: കെ.എസ്.ആർ.ടി.സിയെ പുനരുജ്ജീവിപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ സമയ ബന്ധിതമായി നടപ്പാക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്ന് ഗതാ​ഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

കൊവിഡിന് മുന്പ് കെ.എസ്.ആർ.ടി.സി ശരാശരി ഒരു ദിവസം 5000 ത്തിലധികം ബസുകൾ നിരത്തിലിറക്കിയുന്നു. എന്നാൽ നിലവിൽ 2000ത്തിൽ താഴെ ബസുകളാണ് സർവീസ് നടത്തുന്നത്.പ്രതിമാസ വരുമാനം 200 കോടിയിൽ നിന്ന് 30 കോടി രൂപയായി കുറഞ്ഞു.

കിഫ്ബിയുടെ ധനസഹായം ചില നിബന്ധനകൾക്ക് വിധേയമായിട്ടാണ് അനുവദിച്ചിരിക്കുന്നത്. കിഫ്ബി വഴി വാങ്ങുന്ന ബസുകളുടെ നടത്തിപ്പിനായി ആരംഭിക്കുന്ന സബ്സിഡറി കമ്പനിയായ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ജനുവരി ഒന്നുമുതൽ പ്രവ‌ർത്തന ക്ഷമമാകും. കെ.എസ്.ആർ.ടി.സിയുടെ ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടർ ആയിരിക്കും കെ.എസ്.ആർ.ടി.സി സ്വിഫ്‌റ്റിന്റെയും എക്സ് ഒഫിഷ്യോ ചെയർമാൻ ആൻഡ് മാനേജി​ഗ് ഡയറക്ടർ.

കിഫ്ബി സഹായം കൂടാതെ നടപ്പ് സാമ്പത്തിക വർഷത്തിൽ സർക്കാർ അനുവദിച്ചിട്ടുള്ള 50 കോടി രൂപ ഉപയോ​ഗിച്ച് പുതിയതായി 8 സ്ലീപ്പർ ബസുകൾ, 20 സെമീ സ്ലീപ്പർ , 72 എക്സപ്രസ് ബസുകൾ വാങ്ങും.

ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് നവംബറിൽ യൂണിയനുകളുമായി ചർച്ച ആരംഭിക്കും. ശമ്പള പരിഷ്കരണം നടപ്പിലാക്കും വരെ സ്ഥിരം ജീവനക്കാർക്ക് ഇടക്കാല ആശ്വാസമായി പ്രഖ്യാപിച്ച 1500 രൂപ അടുത്ത മാസത്തെ ശമ്പളത്തിനൊപ്പം നൽകാൻ ശ്രമിക്കും. ഇതിന് ആവശ്യമായ 4.5 കോടി രൂപ സർക്കാർ അധിക സഹായമായി നൽകും. നിലവിലെ ഓർഡിനറി ബസുകൾ എൽ.എൻ.ജിയിലേക്ക് മാറ്റാനാവശ്യമായ ദീർഘകാല വായ്പ ലഭിക്കാൻ കിഫ്ബി ഉൾപ്പെയുള്ള ഏജൻസികളുമായി ചർച്ച തുടങ്ങിയതായും മന്ത്രി പറഞ്ഞു.