കൽപ്പറ്റ: മുട്ടിൽ പഞ്ചായത്തിലെ കൊളവയൽ മാനിക്കുനി പുഴയുടെ തീരത്ത് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിക്കുന്നതിനെതിരെ പ്രദേശവാസികൾ സമരത്തിനൊരുങ്ങുന്നു. പുഴയുടെ തീരത്ത് നിന്ന് അഞ്ച് മീറ്റർ പോലും അകലമില്ലാതെയാണ് പ്ലാന്റ് നിർമ്മിക്കുന്നത്.

പ്ലാന്റിന് 150 മീറ്റർ താഴെയായി കുടിവെള്ള വിതരണത്തിനുള്ള പമ്പിംഗ് സ്‌റ്റേഷനുണ്ട്. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്. പ്ലാന്റിന് തൊട്ടടുത്തായി 16ലധികം ആദിവാസി കുടുംബങ്ങളും താമസിക്കുന്നുണ്ട്.

പ്ളാന്റിന്റെ മുക്കാൽ ഭാഗവും നിർമ്മാണം പൂർത്തിയായി. ഫാം നിർമ്മാണത്തിനാണെന്നാണ് നാട്ടുകാരോട് ഫാമാണ് പറഞ്ഞിരുന്നത്. എന്നാൽ അറവ് മാലിന്യ പ്ലാന്റാണ് വരുന്നതെന്ന് അറിഞ്ഞതോടെ നാട്ടുകാർ സംഘടിച്ച് വിവിധ വകുപ്പുകൾക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടി ഒന്നുമുണ്ടായില്ല.

മഴ ശക്തമായാൽ വെള്ളത്തിനടിയിലാകുന്നതാണ് ഈ പ്രദേശം. പുഴയോട് ചേർന്ന് പ്ലാന്റ് നിർമ്മിക്കുന്നത് പുഴവെള്ളം മലിനമാക്കും.

നാട്ടുകാർ ചേർന്ന് മുട്ടിൽ പഞ്ചായത്തിലെ നാല്, അഞ്ച്, ആറ് വാർഡ് അംഗങ്ങളെ രക്ഷാധികാരികളാക്കി ജനകീയ ആക്‌ഷൻ കൗൺസിലിന് രൂപം നൽകിയിട്ടുണ്ട്.

കൊളവയൽ, മാനിക്കുനി, കാര്യമ്പാടി, മംഗലംകുന്ന്, പനങ്കണ്ടി, വെള്ളിത്തോട് എന്നീ പ്രദേശങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന ഈ വിഷയത്തിൽ അടിയന്തിര പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ആക്‌ഷൻ കൗൺസിൽ ചെയർമാൻ കെ.എസ് കുഞ്ഞിരമാൻ, കൺവീനർ സി കിരൺ, ഭാരവാഹികളായ നിഥിൻ കിടുങ്ങുക്കാരൻ, ജയിംസ് കാരമ്പ്യാടി, മനു മാനിക്കുനി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.