സുൽത്താൻ ബത്തേരി: വയനാടിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന ഇന്നലെ അന്തരിച്ച അഡ്വ: പി.വേണുഗോപാൽ (65). കോടതിയിലേക്ക് പോകാനിരിക്കെ ഇന്നലെ കുഴഞ്ഞു വീണ അദ്ദേഹം മരണമടയുകയായിരുന്നു.
വയനാടിന്റെ സാമൂഹിക രംഗത്തെ നാലു പതിറ്റാണ്ടിലധികമായി നിറഞ്ഞുനിന്ന വ്യക്തിത്വമാണ് അഡ്വ: വേണുഗോപാൽ. നീലഗിരി വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മറ്റി വൈസ് ചെയർമാൻ, സുൽത്താൻ ബത്തേരി ബാർ അസോസിയേഷൻ പ്രസിഡന്റ്, ഒയിസ്‌ക ജില്ലാ ചാപ്റ്റർ പ്രസിഡന്റ്, വയനാട് സർവ്വസേവാ മണ്ഡലം പ്രസിഡന്റ്, വയനാട് ചേമ്പർ ഓഫ് കോമേഴ്സ് ഡയറക്ടർ, വെസ്റ്റേൺഗാട്സ് ഡവലപ്‌മെന്റ് കമ്പനി ഡയറക്ടർ, കാർഷിക പുരോഗമന സമിതി വൈസ് ചെയർമാൻ, ഫ്രന്റ്സ് ഓഫ് വയനാട് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ സജീവപ്രവർത്തനം നടത്തിവരികയായിരുന്നു.
കുടുംബശ്രീ പ്രസ്ഥാനം നിലവിൽ വരുന്നതിന് മുമ്പ് വയനാട് സർവ്വസേവാ മണ്ഡലം വഴി സ്ത്രീകളുടെ സ്വാശ്ര്വയസംഘങ്ങൾ രൂപീകരിക്കുന്നതിന് മുൻകൈ എടുത്തു. വയനാട്ടിലെ സ്ത്രീ ശാക്തീകരണത്തിന് അടിത്തറ പാകിയ വ്യക്തികളിലൊരാളാണ്.
വയനാട് റെയിൽവേക്കുവേണ്ടി കഴിഞ്ഞ 9 വർഷമായി സജിവ പ്രവർത്തനം നടത്തിവരികയായിരുന്നു. വയനാട്ടിലെ രാത്രിയാത്രാ നിരോധനം പിൻവലിക്കാനുള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.
വയനാട് റയിൽവേക്കുവേണ്ടി ഡൽഹിയിലും ബാംഗ്ലൂരിലും ചെന്നൈയിലും മൈസൂറിലും കേരളത്തിലുമായി നടന്നുവരുന്ന പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചത് അഡ്വ: പി.വേണുഗോപാലാണ്. ഡോ: ഇ.ശ്രീധരനുമായും മുഖ്യമന്ത്രിമാരുമായും കേന്ദ്രമന്ത്രിമാരുമായുമുള്ള ചർച്ചകൾക്ക് നേതൃത്വം വഹിച്ചു. 2018 ൽ കൽക്കത്ത കൈരളി സമാജം വയനാട്ടിൽ നടത്തിയ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് അഡ്വ: വേണുഗോപാൽ ആയിരുന്നു.
വേണുഗോപാലിന്റെ നിര്യാണത്തിൽ നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് റയിൽവേ ആക്‌ഷൻ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.