chittari
ചിറ്റാരി ഗവ. വെൽഫെയർ സ്കൂൾ വോളിബാൾ കോർട്ടിൽ വിജിലൻസ് സി.ഐ പി.എം മനോജിന്റെ നേതൃത്വത്തിൽ പരിശോധന നടന്നപ്പോൾ

നാദാപുരം: സ്കൂൾ, അങ്കണവാടി കെട്ടിട നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് പ്രകടമായ അഴിമതി നടന്നതായുള്ള പരാതിയിൽ വാണിമേൽ ഗ്രാമപഞ്ചായത്തിൽ രണ്ടിടത്ത് വിജിലൻസ് സംഘം പരിശോധനയിലൂടെ തെളിവുകൾ ശേഖരിച്ചു. വാണിമേലിലെ പൊതുപ്രവർത്തകൻ ജാഫർ കാളംകുളം നൽകിയതാണ് പരാതി. ചിറ്റാരി ഗവ. വെൽഫെയർ സ്കൂൾ, കൂളികുന്ന് അങ്കണവാടി എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഇന്നലെ ഉച്ചയോടെ എത്തിയ വിജിലൻസ് സംഘം തെളിവെടുപ്പിനൊപ്പം നാട്ടുകാരിൽ നിന്നു വിവരങ്ങളും ആരാഞ്ഞു. ചിറ്റാരി സ്കൂൾ ഗ്രൗണ്ടിൽ വോളിബാൾ കോർട്ടിൽ പരിഷ്കരണ പ്രവൃത്തി നടത്തിയിട്ടില്ലെന്നും നിലവിലുണ്ടായിരുന്ന കോർട്ടിൽ രണ്ട് പോസ്റ്റിന് പകരം ഒരു പോസ്റ്റ്‌ മാത്രം സ്ഥാപിച്ചതായും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. മണലും മണ്ണും ചേർത്ത് കോർട്ട് നിർമ്മിക്കുന്നതിനായിരുന്നു പദ്ധതി. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ വിജിലൻസ് സംഘംട ഗ്രൗണ്ടിൽ കുഴിയെടുത്ത് പരിശോധന നടത്തുകയായിരുന്നു. കൂളികുന്ന് അങ്കണവാടിയിൽ ചോർച്ച അടയ്ക്കാൻ അനുവദിച്ച തുക പ്രവൃത്തി നടത്താതെ തട്ടിയെടുത്തെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗം, അങ്കണവാടി ജീവനക്കാർ എന്നിവരിൽ നിന്നു മൊഴിയെടുത്തു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട രേഖകൾ പഞ്ചായത്ത് ഓഫീസിലെത്തി വിജിലൻസ് സംഘം പരിശോധിച്ചിരുന്നു. വിജിലൻസ് സി.ഐ പി.എം.മനോജ്, എസ്.ഐ രാധാകൃഷ്ണൻ, ആർ.ബിജു, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.ശ്രീജിത്, ഓവർസീയർ കെ. ഷൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.