കോഴിക്കോട്: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സാമ്പത്തിക, സാമൂഹിക ചുറ്റുപാട് മെച്ചപ്പെടുത്താൻ അംബേദ്കർ ഗ്രാമം പദ്ധതിയിലൂടെ സാധിച്ചതായി പട്ടികജാതി - പട്ടികവർഗ്ഗ ക്ഷേമ മന്ത്രി എ.കെ ബാലൻ പറഞ്ഞു. കാക്കൂർ ഗ്രാമപഞ്ചായത്തിലെ മേപ്പാടി ചാലിൽ കോളനി അംബേദ്കർ ഗ്രാമം പദ്ധതി ഉദ്ഘാടനം ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിലെ 15 അംബേദ്കർ ഗ്രാമങ്ങളുടെ ഉദ്ഘാടനവും ഒൻപത് അംബേദ്കർ ഗ്രാമങ്ങളുടെ നിർമ്മാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

ശോച്യാവസ്ഥയിൽ ആയിരുന്ന പല കോളനികളുടെയും മുഖം മാറ്റിയെടുക്കാൻ സർക്കാരിന് സാധിച്ചു.

കഴിഞ്ഞ സർക്കാർ ഏറ്റെടുത്ത 207 കോളനികളിൽ 164 എണ്ണത്തിന്റെ വികസനപ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. നാലര വർഷത്തിനിടെ 273 കോളനികളാണ് സർക്കാർ ഏറ്റെടുത്തത്. അതിൽ 52 എണ്ണത്തിന്റെ നവീകരണ പ്രവർത്തി പൂർത്തീകരിച്ചു. ബാക്കിയുള്ളവ രണ്ടുമാസം കൊണ്ട് പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കാക്കൂർ ഗ്രാമപഞ്ചായത്തിലെ മേപ്പാടി ചാലിൽ കോളനിയിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നിർമ്മിതി കേന്ദ്ര പ്രൊജക്റ്റ്‌ മാനേജർ മനോജ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഒരു കോടി രൂപ ചെലവഴിച്ച് രണ്ട് കോൺക്രീറ്റ് റോഡുകളുടെ നിർമ്മാണം, കുടിവെള്ള പദ്ധതിക്കായി കിണർ നിർമാണം, വാട്ടർ ടാങ്ക് നിർമ്മാണം, കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ, പമ്പ് ഹൗസ് നിർമാണം എന്നിവയാണ് പൂർത്തീകരിച്ചത്.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി.ശോഭന, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജമീല, ജില്ലാപട്ടികജാതി വികസന ഓഫീസർ ഷാജി കെ.പി, ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി.എം ഷാജി, തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.