
കോഴിക്കോട്: വ്യാജവാറ്റ് മോന്തി ലഹരിയിലായ രണ്ടു കാട്ടുപന്നികൾ പാഞ്ഞുകയറിയത് വീടിനകത്തേക്ക്. പരിഭ്രാന്തിയിലായ വീട്ടുകാർ പുറത്തേക്ക് ഓടി വീട് പൂട്ടി.കിടപ്പുമുറിയിലും മറ്റും പരാക്രമം കാട്ടിയ കാട്ടുപന്നികളെ വനപാലകരുടെ സാന്നിദ്ധ്യത്തിൽ വെടിവച്ചുകൊന്നു.
ഇന്നലെ രാവിലെ ഏഴു മണിയോടെ കൂരാച്ചുണ്ട് പൂവത്തുംചോലമലയിൽ കെ.എസ്.ഇ.ബി ജീവനക്കാരൻ മോഹനന്റെ വീട്ടിലേക്കാണ് ഇവ പാഞ്ഞു കയറിയത്. വീട്ടമ്മയും കുട്ടികളും അടക്കം പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് പരിസരവാസികൾ തടിച്ചുകൂടി.പെരുവണ്ണാമൂഴി റേഞ്ച് ഓഫീസർ അഖിൽ നാരായണന്റെ നേതൃത്വത്തിൽ വനപാലകരും കൂരാച്ചുണ്ട് പൊലീസും എത്തി. മത്തുപിടിച്ച പന്നികൾ ഫർണിച്ചറടക്കം നശിപ്പിക്കാൻ തുടങ്ങിയിരുന്നു.
അക്രമം കാട്ടുന്ന പന്നികളെ കൊല്ലാൻ നിയമമുണ്ടായിട്ടും അധികൃതർ ഡി. എഫ്.ഒയുടെ അനുമതി വരട്ടെ എന്നറിയിച്ചതോടെ ജനങ്ങൾ പ്രതിഷേധമുയർത്തി. കോഴിക്കോട് ഡി.എഫ്.ഒയുടെ അനുമതി വന്നത് പതിനൊന്നര മണിയോടെയാണ്. തുടർന്ന്
ലൈസൻസ് തോക്കുള്ള കൂട്ടാലിട സ്വദേശികളായ രഘുനാഥ്, ഗംഗാധരൻ എന്നിവർ ജനലിലൂടെ നിറയൊഴിച്ചു. വില്ലേജ് ഓഫീസർ, പഞ്ചായത്ത് പ്രസിഡന്റ്, വെറ്ററിനറി സർജൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടപടികൾ പൂർത്തിയാക്കി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജഡം സംസ്കരിച്ചു.