
കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് ഒരുക്കിയ ഐ.സി.യുവിൽ മേയ്‌ത്ര ഹോസ്പിറ്റൽ ക്രിട്ടിക്കൽ കെയർ വിഭാഗത്തിന്റെ സഹായത്തോടെ ടെലി മെഡിസിൻ സംവിധാനം ഒരുങ്ങി. ഇതിലൂടെ ഐ.സി.യു വിലെ രോഗികൾക്ക് അത്യാവശ്യഘട്ടത്തിൽ നൂതനചികിത്സ ഉറപ്പാക്കാനാവും.
പുതിയ സംവിധാനം സജ്ജീകരിക്കുന്നതിന്റെ മുന്നോടിയായി ബീച്ച് ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും മേയ്‌ത്ര ഹോസ്പിറ്റലിൽ ടെലി മെഡിസിൻ, ക്രിട്ടിക്കൽ കെയർ വിഭാഗങ്ങളിൽ വിദഗ്ധ പരിശീലനം നൽകിയിരുന്നു. മേയ്‌ത്ര ഹോസ്പിറ്റലിലെ കമാൻഡ് സെന്ററിൽ 24 മണിക്കൂറും രോഗികളെ നിരീക്ഷിക്കാനും ചികിത്സ നിർദ്ദേശിക്കാനും വിദഗ്ധ ഡോക്ടർമാരുണ്ടാവും.
ആഗോളനിലവാരത്തിൽ ഇന്ത്യൻ നിർമ്മിത ടെലി ഐ.സി.യു യൂണിറ്റാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. രോഗികളെ ബീച്ച് ആശുപത്രിയിൽ നിന്നു മാറ്റാതെ തന്നെ ചികിത്സ നിർദ്ദേശിക്കാൻ ഈ സംവിധാനത്തിലൂടെ കവിയും. ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷനാണ് ടെലി മെഡിസിൻ ചെലവ് വഹിക്കുന്നത് .
പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് ആറിന് സൂം വീഡിയോ കോൺഫറൻസ് വഴി ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ, തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ എന്നിവർ സംബന്ധിക്കും. എ.പ്രദീപ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.