സുൽത്താൻ ബത്തേരി: നിരവധി കുടുംബങ്ങളുടെ ജീവനോപാധിയായ സ്വകാര്യ ബസ് സർവ്വീസ് കൊവിഡ് പ്രതിസന്ധിയിൽപ്പെട്ട് തകർച്ചയിൽ. മറ്റുപല മേഖലകളും കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ ഉയർത്തേഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴും സ്വകാര്യ ബസ് സർവ്വീസ്‌ മേഖല മാത്രമാണ് പ്രതിസന്ധിയിൽപ്പെട്ടുഴലുന്നത്. ലോക്ഡൗണിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ബസുകളിൽ ഭൂരിഭാഗം ബസ്സുകൾക്കും അൺലോക് തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും സർവ്വീസ് പുനരാരംഭിക്കാനായിട്ടില്ല.
ജില്ലയിൽ 300 സ്വകാര്യ ബസുകളാണ് ഉള്ളത്. ഇതിൽ എഴുപത്തിയഞ്ചോളം ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. ഇത് തന്നെ നഷ്ടം സഹിച്ചാണ് ഓടിക്കുന്നതെന്ന് ഉടമകൾ പറയുന്നു.

ലോക്ഡൗണിന് മുമ്പ് ഒമ്പതിനായിരം രൂപ വരെ ലഭിച്ചിരുന്ന ബസുകൾക്ക് ഇപ്പോൾ 2500-3000 രൂപ വരെയാണ് ദിവസ വരുമാനം. ഇതിൽ ഇന്ധനച്ചെലവും തൊഴിലാളികളുടെ കൂലിയും നൽകാൻ കഴിയുന്നില്ല. അമ്പത് ലിറ്റർ ഡീസലിന് ഇപ്പോഴത്തെ വിലയനുസരിച്ച് 3500 രൂപയാകും. ഈ സാഹചര്യത്തിൽ ഉടമ കയ്യിൽ നിന്ന് ഡീസൽ ചെലവും തൊഴിലാളികളുടെ കൂലിയും നൽകേണ്ട അവസ്ഥയാണ്.
യാത്രക്കാർ സ്വന്തം വാഹനത്തിൽ തന്നെ യാത്ര ചെയ്യുന്നതാണ് ബസിൽ യാത്രക്കാർ കുറയാനും ടിക്കറ്റ് കളക്ഷൻ കുത്തനെ കുറയാനും ഇടയാക്കിയത്.

ബസുകൾ ഓടാതായതോടെ വായ്പാഅടവുകളും മുടങ്ങി. ഇത് ഉടമകളെ കടക്കെണിയിലേക്കും ജീവനക്കാരുടെ കുടുംബങ്ങളെ പട്ടിണിയിലേക്കുമാണ് തള്ളിവിടുന്നത്.

മാസം 35000 രൂപ മുതൽ 75000 രൂപ വരെ അടവ് വരുന്ന ബസുകളുണ്ട്. എന്നാൽ കഴിഞ്ഞ എട്ട് മാസമായി അടവ് മുടങ്ങിയിരിക്കുകയാണ്. അടവ് മുടങ്ങിയതോടെ പലിശ കയറി വൻ തുകയായി മാറികഴിഞ്ഞു.
നിലവിൽ ആറ് മാസത്തെ ടാക്സ് സർക്കാർ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇനി വരുന്ന മാസങ്ങളിൽ എന്താണെന്നതിനെപ്പറ്റി സർക്കാർ വ്യക്തമാക്കിയിട്ടില്ല. ബസുകളുടെ ഇൻഷൂറൻസ് പ്രീമിയം അടവും ഉടമകളെ പ്രതിസന്ധിയിലാക്കി. 48 സീറ്റുള്ള ബസ്സിന് ഒരു വർഷത്തേക്ക് 82000 രൂപ ഇൻഷൂറൻസ് അടയ്ക്കണം.

ദീർഘനാളായി നിർത്തിയിട്ടിരുന്നത് കാരണം യന്ത്രത്തകരാറുകളും സംഭവിച്ചു. ടയറും സീറ്റുകളും ബോഡിയുമെല്ലാം നശിച്ചുതുടങ്ങി. സർവ്വീസിന് തയ്യാറാക്കണമെങ്കിൽ വലിയ തുക തന്നെ മുടക്കേണ്ട അവസ്ഥയാണ്. ബസ് നിരത്തിലിറക്കിയാൽ തന്നെ യാത്രക്കാരില്ലാതെ നഷ്ടത്തിൽ സർവ്വീസ് നടത്തിയിട്ട് എന്ത് കാര്യമെന്നാണ് ബസുടമകൾ ചോദിക്കുന്നത്.