
നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫുകാർ വ്യാപകമായി കള്ളവോട്ടുകൾ ചേർത്തെന്ന് ആരോപിച്ച് സി.പി.എം രംഗത്ത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനൊപ്പം എൽ. ഡി .എഫ് നേതൃത്വത്തിൽ പ്രക്ഷോഭവും സംഘടിപ്പിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
പഞ്ചായത്തിലെ 1, 2, 6 വാർഡുകളിൽ യു.ഡി.എഫിന്റേതായ നിരവധി ഇരട്ട വോട്ടുകാരുണ്ടെന്നാണ് സി. പി. എം. നാദാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആരോപണം. മറ്റു വാർഡുകളിൽ സ്ഥിരതാമസക്കാരായവരുടെ വോട്ടുകളാണ് ചേർത്ത് വരുന്നത്. ഡബിൾ വോട്ടർമാർക്കെതിരെ എൽ. ഡി. എഫ് പരാതി നൽകിയിട്ടും ഒടുവിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ ഇവരെല്ലാം ഇടം നേടിയിട്ടുണ്ടെന്ന് സി.പി.എം നേതാക്കൾ പറയുന്നു.
അനധികൃതമായി വോട്ട് ചേർത്തത് പരസ്യമായ നിയമ ലംഘനമാണ്. കർശന പരിശോധയ്ക്കു ശേഷം മാത്രമേ വോട്ട് ചേർക്കാൻ പാടുള്ളൂ. നിയമവിരുദ്ധമായ പ്രവർത്തനത്തിന് ചില ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണ്. ഇവർക്കെതിരെ സർക്കാരിന് പരാതി നൽകാനും സി പി എം തീരുമാനിച്ചിട്ടുണ്ടെന്ന് സി.പി.എം നാദാപുരം പഞ്ചായത്ത് സെക്രട്ടറി സി.എച്ച്.മോഹനൻ പറഞ്ഞു. ജനാധിപത്യ കശാപ്പിനുള്ള യു.ഡി.എഫ് നീക്കം ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.