കോഴിക്കോട്: കുട്ടിപ്പൊലീസ് കുട്ടിക്കളിയല്ലെന്നറിയാൻ ഇനി 'ജനശ്രുതി' വാർത്തകൾ കേട്ടാൽ മതി. നാട്ടിലേയും വിദ്യാലയത്തിന്റെയും സ്പന്ദനങ്ങൾ 'ബ്രേക്കിംഗ് ന്യൂസു'കളായി ജനങ്ങളിലെത്തിക്കുകയാണ് നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് യൂണിറ്റിലെ കുട്ടികൾ. 'ജനശ്രുതി റേഡിയോ'യിൽ ഒന്നും രണ്ടും ഭാഷകളിലല്ല വാർത്ത. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി, സംസ്കൃതം എന്നിങ്ങനെ അഞ്ച് ഭാഷകളിൽ വാർത്തകൾ ശ്രോതാക്കളിലെത്തും. അദ്ധ്യാപകരുടെ സഹായത്തോടെ കുട്ടിപ്പൊലീസുകാർ തന്നെയാണ് റേഡിയോയുടെ പിന്നണിയിൽ. വായനയും എഡിറ്റിംഗും തർജ്ജമയുമെല്ലാം കുട്ടികൾ. വാർത്തകൾ വാട്സ് ആപ്പിലൂടെയാണ് ജനങ്ങളിലെത്തിക്കുന്നത്. മൊബൈൽ ഫോണിലാണ് വാർത്തകൾ ഒരുക്കുന്നത്. നാട്ടുവാർത്തകളാണ് ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്നത്. അടുത്ത ഘട്ടത്തിൽ വിനോദ പരിപാടികളും ഫോൺ-ഇൻ-പ്രോഗാമുകളും അവതരിപ്പിക്കാനാണ് ഉദ്ദേശം. നന്മണ്ടയിലെ പ്രാദേശിക വാർത്താ ഗ്രൂപ്പുകളിൽ നിന്ന് ലഭിക്കുന്ന വാർത്തകൾ കുട്ടികൾ എഡിറ്റ് ചെയ്ത് എല്ലാ ദിവസവും രാത്രി 7മണിയ്ക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. എസ്. ദേവഗംഗ, എസ്. പാർവതി, എ.കെ. അദ്വിക, എം. ഷേഹ, ഫഹ്‌മ ഫാത്തിമ, അനീന മെഹ, ഗായത്രി എസ്, സിബ മിഹ്ന, കൃഷ്ണപ്രിയ, ആദിനാഥ് ടി. എന്നീ കാഡറ്റുകളാണ് വാർത്ത അവതാരകർ. കുട്ടികൾക്ക് പിന്തുണയുമായി എസ്.പി.സി ഓഫീസർമാരായ കെ. ഷിബു, ആർ.രഖിലരാജ് എന്നിവരും കൂടെയുണ്ട്.
"റേഡിയോ തുടങ്ങിയിട്ട് രണ്ടാഴ്ചയായി. കുട്ടികളിൽ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പരിപാടികൾ അവതരിപ്പിക്കാൻ ശ്രമിക്കും. ഇത്തരം പരിപാടിയിലുടെ കുട്ടികളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ പുറത്തുകൊണ്ടുവരാൻ കഴിയും'.കെ. ഷിബു, എസ്.പി.സി ഓഫീസർ